Connect with us

International

സ്‌പെയിനിലെ എല്‍ ഹിയറോ ദ്വീപിലേക്ക് കുടിയേറ്റ പ്രവാഹം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പ്രതിസന്ധി രൂക്ഷമായതോടെ മാഡ്രിഡിലെ സര്‍ക്കാരിനോട് എല്‍ ഹിയറോ അധികൃതര്‍ സഹായം അഭ്യര്‍ഥിച്ചു.

Published

|

Last Updated

മാഡ്രിഡ് | സ്‌പെയിനിന്റെ കാനറി ദ്വീപസമൂഹത്തില്‍പ്പെട്ട എല്‍ ഹിയറോയില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണിത്. പ്രതിസന്ധി രൂക്ഷമായതോടെ മാഡ്രിഡിലെ സര്‍ക്കാരിനോട് എല്‍ ഹിയറോ അധികൃതര്‍ സഹായം അഭ്യര്‍ഥിച്ചു.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരും അഭയാര്‍ഥികളും യൂറോപ്പിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങളിലൊന്നായ എല്‍ ഹിയറോയിലെ ഭരണസമിതി തലവന്‍ അല്‍പിഡിയോ അര്‍മാസ്, ശനിയാഴ്ച സ്പാനിഷ് ടെലിവിഷനോട് സംസാരിക്കവെ അറിയിച്ചതാണ് ഇക്കാര്യം. ‘വന്നെത്തുന്നവരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധന ഞങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു. ഉയര്‍ന്ന തലത്തിലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഉറപ്പാക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് ഇതാണ്’- അദ്ദേഹം പറഞ്ഞു.

നവംബര്‍ മാസം ആരംഭിച്ചതു മുതല്‍ ഏകദേശം 30 ബോട്ടുകളിലായി 3,300-ലധികം കുടിയേറ്റക്കാര്‍ ദ്വീപില്‍ എത്തിച്ചേര്‍ന്നതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഏകദേശം 11,400 നിവാസികളാണ് എല്‍ ഹിയറോ (El Hierro) ദ്വീപിലുള്ളത്. പുതിയതായി എത്തിയവര്‍ക്ക് താത്ക്കാലിക താമസസൗകര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം, ദ്വീപിലെ ആശുപത്രിയിലെ സാഹചര്യം ‘വളരെ മോശമായ’ അവസ്ഥയിലാണെന്ന് അര്‍മാസ് പറഞ്ഞു.

കാനറി ദ്വീപുകളിലേക്ക് പോവുകയായിരുന്ന ഒരു ബോട്ടില്‍ ഈ ആഴ്ച രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നവംബറിലെ ആദ്യ ആറ് ദിവസങ്ങളില്‍, കാനറി ദ്വീപുകളുടെ തീരത്തുനിന്ന് 3,261 കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സമുദ്ര രക്ഷാസേന (Maritime rescue services) രക്ഷപ്പെടുത്തുകയും ചെയ്തു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ബസുകള്‍ വഴിതിരിച്ചുവിട്ടതായും മറ്റ് ദ്വീപുകളില്‍ നിന്ന് മെഡിക്കല്‍ ജീവനക്കാരെ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് കാനറി ദ്വീപുകളിലേക്കുള്ള അത്‌ലാന്റിക് പാത, ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നാണ്.

2024-ല്‍ ഇവിടെ എത്തുന്നവരുടെ എണ്ണം 46,000 കടന്ന് റെക്കോര്‍ഡിലെത്തിയിരുന്നു. എന്നാല്‍, നിരീക്ഷണം ശക്തമാക്കിയതും, കുടിയേറ്റക്കാര്‍ പുറപ്പെടുന്നതും കടന്നുപോകുന്നതുമായ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിച്ചതും കാരണം പിന്നീട് ഈ എണ്ണത്തില്‍ വലിയ കുറവുണ്ടായി. സ്‌പെയിനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കടല്‍മാര്‍ഗം എത്തിയ അനധികൃത കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും എണ്ണം 13,327 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 5.5 ശതമാനം കുറവാണ്.

സെനഗല്‍, മൗറിറ്റാനിയ, മൊറോക്കോ എന്നിവിടങ്ങളുടെ തീരങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയതോടെ, കുടിയേറ്റക്കാര്‍ യാത്ര തുടങ്ങുന്ന കേന്ദ്രങ്ങള്‍ തെക്കോട്ട് ഗാംബിയ, ഗിനിയ-ബിസൗ, ഗിനിയ എന്നിവിടങ്ങളിലേക്ക് മാറ്റി. ഇത് യാത്രയുടെ ദൂരവും ദൈര്‍ഘ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.

Content Highlights:The Spanish island of El Hierro in the Canary archipelago declared a state of emergency following a massive influx of African migrants landing on its shores. Island authorities stated that local infrastructure and emergency services are overwhelmed by the sudden arrival of thousands of refugees. Local officials have urged the central Spanish government and international bodies for immediate relief and additional resources.

 

 

---- facebook comment plugin here -----

Latest