International
'മക്കയില്‍ നിന്ന് ലോകത്തിലേക്ക്'; ജിദ്ദയില്‍ ആറാമത് ഹജ്ജ് സമ്മേളനത്തിനും പ്രദര്‍ശനത്തിനും ഇന്ന് തുടക്കമാകും
തീര്‍ഥാടകര്‍ക്കായുള്ള വിപുലമായ ഒരുക്കങ്ങളുമായി സഊദി.
ജിദ്ദ | തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ രക്ഷാധികാരത്തില്‍, ആറാമത് ഹജ്ജ് സമ്മേളനവും പ്രദര്‍ശനവും ഇന്ന് ജിദ്ദ സൂപ്പര്‍ഡോമില്‍ ആരംഭിക്കുന്നു, നവംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സമ്മേളനം സഊദി ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി ഹജ്ജ്-ഉംറ മന്ത്രാലയവും പില്‍ഗ്രിം എക്സ്പീരിയന്‍സ് പ്രോഗ്രാമും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. വരാനിരിക്കുന്ന (ഹിജ്റ വര്‍ഷം 1448) 2027ലെ ഹജ്ജ് സീസണിനായുള്ള മുന്‍കൂട്ടിയുള്ള തയാറെടുപ്പുകളുടെയും സേവന വികസനത്തിന്റെയും പ്രധാന നാഴികക്കല്ലായാണ് ഹജ്ജ് സമ്മേളനം.
‘മക്കയില്‍ നിന്ന് ലോകത്തിലേക്ക്’ എന്നതാണ് ഈ വര്‍ഷത്തെ ആറാമത് ഹജ്ജ് സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും പ്രധാന പ്രമേയം. തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനും, ഹജ്ജ് സേവനങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച നിലവാരവും ആധുനിക സാങ്കേതികവിദ്യകളും ഉറപ്പുവരുത്തുന്നതിനുമാണ് ഈ ആഗോള പ്ലാറ്റ്ഫോമിലൂടെ സഊദി അറേബ്യ ലക്ഷ്യമിടുന്നത്.
67,000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണമുള്ള വിപുലമായ വേദിയിലാണ് ഈ ആഗോള സംഗമം നടക്കുന്നത്. ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 520-ലധികം പ്രദര്‍ശകര്‍ അണിനിരക്കും. വരും വര്‍ഷങ്ങളിലെ തീര്‍ഥാടകരുടെ യാത്ര പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും സ്മാര്‍ട്ട് ലോജിസ്റ്റിക്സിലൂടെയും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. 585-ലധികം പ്രഭാഷകര്‍ പങ്കെടുക്കുന്ന 310-ലധികം ചര്‍ച്ചാ സെഷനുകളും പ്രത്യേക അവബോധ പരിശീലന ഫോറത്തിന് കീഴില്‍ 60-ലധികം ശില്പശാലകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം ഹജ്ജ് കാര്യ ഓഫീസുകള്‍ക്കും സര്‍വീസ് പ്രൊവൈഡര്മാര്ക്കുമായി ഒരുക്കിയിട്ടുള്ള വിപുലമായ ബിസിനസ് സെന്ററാണ്. ഇതിലൂടെ 800-ലധികം പുതിയ തന്ത്രപ്രധാന കരാറുകള്‍ ഒപ്പിടാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, തീര്‍ഥാടകരെ സേവിക്കുന്ന ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സന്നദ്ധത വര്‍ധിപ്പിക്കുന്നതിനായി ‘അവബോധത്തില്‍ നിന്ന് ശാക്തീകരണത്തിലേക്ക്’ എന്ന പ്രമേയത്തില്‍ ഒരു പ്രത്യേക ‘അവബോധ-പരിശീലന ഫോറവും’, യുവ സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും നൂതന ആശയങ്ങളെ പ്രായോഗിക ഹജ്ജ് സേവനങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്ന ‘ഹജ്ജ് ബൂട്ട്ക്യാമ്പും ഇന്നോവേഷന്‍ സോണും’ ഇത്തവണ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഇവയോടൊപ്പം വ്യോമയാനം, ആരോഗ്യം, ഗതാഗതം, സാങ്കേതികവിദ്യ എന്നിവക്കായുള്ള പ്രത്യേക പവലിയനുകളും പ്രാദേശിക ഉത്പന്നങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘മെയ്ഡ് ഇന്‍ സഊദി’ പവലിയനും പ്രദര്‍ശനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.
തീര്‍ഥാടകരുടെ ആത്മീയ യാത്ര കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും, ശാക്തീകരണവും സംയോജനവും, സുസ്ഥിര വികസനം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് ഇത്തവണത്തെ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യ സെഷനില്‍ ഗതാഗതം, ലോജിസ്റ്റിക്സ്, താമസം (ഹൗസിങ് & ഹോസ്പിറ്റാലിറ്റി), കാറ്ററിംഗ് എന്നിവയുള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. രണ്ടാം സെഷനില്‍ ആരോഗ്യം, സുരക്ഷ, മാധ്യമം, ആശയവിനിമയം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുടെ സ്മാര്‍ട്ട് സംയോജനത്തിനും മൂന്നാം സെഷനില്‍ ഭാവിയിലെ ഹജ്ജ് സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ദീര്‍ഘകാല സുസ്ഥിര പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നത്.
Content Highlights:The 6th Hajj Conference and Exhibition kicks off in Jeddah today under the theme From Makkah to the World. Organized by the Saudi Ministry of Hajj and Umrah, the event features global representatives and key bilateral pilgrimage agreements. It highlights innovative technological solutions to elevate service standards for pilgrims worldwide.




