Kerala
'കാലതാമസമുണ്ടാക്കുന്നത് പരിഗണിച്ച്'; സ്വയംഭരണ കോളജുകള്‍ക്ക് സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കാന്‍ എന്‍ ഒ സി നിര്ബന്ധമില്ലെന്ന തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി
വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കാലാനുസൃതമായ തീരുമാനമാണിതെന്നും മന്ത്രി. മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഇത്തരമൊരു നടപടിയെന്ന് പിണറായി.
കൊച്ചി | സ്വയംഭരണ കോളജുകള്‍ക്ക് സ്വാശ്രയ മാതൃകയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ എന്‍ ഒ സി നിര്ബന്ധമില്ലെന്ന തീരുമാനം വിവാദമായതോടെ ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ എന്‍ ഒ സി വാങ്ങുന്നത് കാലതാമസമുണ്ടാക്കുന്നുവെന്നത് പരിഗണിച്ചാണ് ഇത്തരമൊരു നിലപാടെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കാലാനുസൃതമായ തീരുമാനമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ് എഫ് ഐ ഉയര്‍ത്തുന്ന അഴിമതി ആരോപണത്തെ മന്ത്രി ചോദ്യം ചെയ്തു. മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം എസ് എഫ് ഐയുടെ ആരോപണമെന്ന് അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കോഴ്സുകളാണെങ്കില്‍ നിര്‍ബന്ധമായും എന്‍ ഒ സി വാങ്ങണം. അല്ലാത്തവയുടെ കാര്യത്തില്‍ ഇങ്ങനെയൊരു പിടിവാശിയുടെ ആവശ്യമില്ലെന്നും തീരുമാനം സര്‍ക്കാര്‍ കോളജുകളെ ബാധിക്കില്ലെന്നും മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.
തീരുമാനം സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന്; ഉടന്‍ പിന്‍വലിക്കണം: പിണറായി
തിരുവനന്തപുരം | സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനാണ് എയ്ഡഡ്-സ്വാശ്രയ-സ്വയംഭരണ കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ തുടങ്ങുന്നതിന് എന്‍ ഒ സി ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഇത്തരമൊരു നടപടി. സര്‍ക്കാര്‍ തലത്തിലുള്ള കര്‍ശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന വ്യവസ്ഥയെയാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളില്‍ തോന്നിയ പോലെ അണ്‍എയ്ഡഡ് കോഴ്സുകള്‍ തുടങ്ങുന്നതിനും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും എന്‍ ഒ സി വേണ്ടെന്ന ഇപ്പോഴത്തെ വ്യവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണ്. എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത കോടതി മുമ്പാകെ നല്കിയ ഉറപ്പുകളാണ് നഗ്നമായി ലംഘിക്കുന്നതെന്നും പിണറായി ആരോപിച്ചു.
Content Highlights: The Higher Education Minister justified the decision to waive mandatory NOCs for autonomous colleges starting self-financing courses. The rule change aims to prevent unnecessary delays in launching new academic programs. The decision aligns with efforts to streamline higher education processes in Kerala.




