International
ഈജിപ്തില്‍ ട്രെയിന്‍ അപകടം; നാലുമരണം, 88 പേര്‍ക്ക് പരിക്ക്
രാജ്യതലസ്ഥാനമായ കെയ്റോയ്ക്ക് സമീപം ഗിസ പ്രവിശ്യയിലെ അല്‍-അയ്യാത്ത് മേഖലയിലാണ് അപകടമുണ്ടായത്
കെയ്റോ | ഈജിപ്തില്‍ ഒരു ട്രെയിനിനു പിന്നില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ് മരണ സംഖ്യ ഉയര്‍ന്നേക്കും. 88 പേര്‍ക്ക് പരിക്കേറ്റു. രാജ്യതലസ്ഥാനമായ കെയ്റോയ്ക്ക് സമീപം ഗിസ പ്രവിശ്യയിലെ അല്‍-അയ്യാത്ത് മേഖലയിലാണ് അപകടമുണ്ടായത്.
ഗിസയില്‍ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ കെയ്റോയില്‍ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ഈജിപ്തിലെ ദേശീയ റെയില്‍വേ അതോറിറ്റി അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ നിരവധി ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനും തകര്‍ന്ന ബോഗികള്‍ നീക്കം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തിലേക്ക് നയിച്ച സാഹചര്യമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഉത്തരവിട്ടു. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
കെയ്റോ അപ്പര്‍ ഈജിപ്ത് റെയില്‍വേ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അതോറിറ്റി അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച ബോഗികള്‍ നീക്കം ചെയ്ത് ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Content Highlights: Four people were killed and 88 injured after a train collided with the rear of another near Giza in Egypt. The collision occurred in the Al-Ayyat area on the Cairo-Upper Egypt line, derailing several carriages. Egyptian President Abdel Fattah al-Sisi ordered an immediate probe into the crash.


