Bahrain
ഗള്‍ഫ് മേഖലയില്‍ ചരിത്രപരമായ ഗതാഗത വിപ്ലവം; ജി സി സി റെയില്‍വേ ശൃംഖല 56 ശതമാനം പൂര്‍ത്തിയായി
ഗള്‍ഫ് ചരിത്രത്തില്‍ പുതിയ വിപ്ലവം.ഗള്‍ഫ് രാജ്യങ്ങള്‍ ഇനി ഒരൊറ്റ റെയില്‍ ശൃംഖലയിലേക്ക്.
ദമാം/മനാമ | ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ ‘ജി സി സി റീജ്യണല്‍ റെയില്‍വേ’ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള സംയുക്ത കരാറില്‍ അംഗരാജ്യങ്ങള്‍ ഒപ്പുവെച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളെയും ഒരൊറ്റ സംയോജിത റെയില്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിത്. കുവൈത്തില്‍ നിന്ന് ആരംഭിച്ച് സഊദി അറേബ്യ വഴി ബഹ്റൈന്‍, ഖത്വര്‍, യു എ ഇ എന്നിവയെ ബന്ധിപ്പിച്ച് ഒമാനിലേക്ക് നീളുന്നതാണ് റെയില്‍ ശൃംഖല.
ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ അല്‍ സാഹിര്‍ കൊട്ടാരത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ മുപ്പതാമത് യോഗത്തിലാണ് ചരിത്രപരമായ കരാറില്‍ ഒപ്പുവച്ചത്. ജി സി സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയാണ് കരാരില്‍ അംഗ രാജ്യങ്ങള്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ചത്. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ചടങ്ങ്. കഴിഞ്ഞ ഒക്ടോബറില്‍ സഊദി അറേബ്യയും യു എ ഇയും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ചരക്കുനീക്കം സുഗമമാക്കാന്‍ പ്രത്യേക ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആറ് ഗള്‍ഫ് രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള നിര്‍ണായക ചുവടുവെപ്പ് ഉണ്ടായിരിക്കുന്നത്. റെയില്‍ ശൃംഖല യാഥാര്‍ഥ്യമാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക-സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പദ്ധതിയുടെ 55.9 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലവില്‍ പൂര്‍ത്തിയായി, കുവൈത്ത്, സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോമീറ്റര്‍ നീളമുള്ള വലിയൊരു ശൃംഖലയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഏകദേശം 250 ബില്യണ്‍ യു എസ് ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ കൂറ്റന്‍ പദ്ധതി 2030 ഡിസംബറോടെ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് ജി സി സി ലക്ഷ്യമിടുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെയും ചരക്ക് ട്രെയിനുകള്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വരെയുമായിരിക്കും സഞ്ചരിക്കുക. കുറഞ്ഞ ചെലവിലുള്ള ചരക്കുനീക്കം ഗള്‍ഫ് വിപണിയെ ഒരൊറ്റ വലിയ സാമ്പത്തിക ശക്തിയായി മാറ്റും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗമുള്ള ട്രെയിനുകള്‍ വരുന്നതോടെ ജി സി സി തലസ്ഥാനങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാകും. വിമാനയാത്രക്ക് മികച്ചൊരു ബദലായി ഇത് മാറുകയും ചെയ്യും.
ട്രക്കുകളുടെയും വിമാനങ്ങളുടെയും ഉപയോഗം കുറയുന്നതോടെ കാര്‍ബണ്‍ മലിനീകരണവും ഹൈവേകളിലെ ഗതാഗതക്കുരുക്കും വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. ഓരോ രാജ്യങ്ങളും അവരുടെ അതിര്‍ത്തിക്കുള്ളിലെ റെയില്‍ പാതകള്‍ സ്വന്തമായി നിര്‍മിക്കും. ഇതിനായി രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനത്തിനായി ജി സി സി റെയില്‍വേ അതോറിറ്റിയും രംഗത്തുണ്ട്. പ്രാദേശിക ടൂറിസത്തിനും വ്യാപാരത്തിനും വലിയ കരുത്തുപകരുന്ന പദ്ധതി ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ ഈ പദ്ധതിയെ ‘ഗള്‍ഫിന്റെയും അതിന്റെ തലമുറകളുടെയും ഭാവിയിലേക്കുള്ള ഒരു നിക്ഷേപം’ എന്നാണ് വിശേഷിപ്പിച്ചത്.
ജി സി സി റെയില്‍വേ ശൃംഖലയുടെ പ്രധാന റൂട്ട്
ആറ് ഗള്‍ഫ് രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ജി സി സി റെയില്‍വേ പദ്ധതിക്ക് ഏകദേശം 2,177 കിലോമീറ്റര്‍ നീളമാണുള്ളത്. വടക്ക് കുവൈത്ത് സിറ്റിയില്‍ ആരംഭിച്ച് തെക്ക് ഒമാന്‍ തലസ്ഥാനമായ മസ്കത്ത് വരെ നീളുന്നതാണ് ഇതിന്റെ പ്രധാന പാത.
കുവൈത്ത് സിറ്റിയില്‍ നിന്ന് ആരംഭിക്കുന്ന പാത സഊദി അറേബ്യയുടെ കിഴക്കന്‍ തീരദേശ നഗരമായ ദമാമില്‍ എത്തിച്ചേരും. ഇവിടെ നിന്നാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റെയില്‍ ലിങ്കുകള്‍ തിരിയുന്നത്. ദമാമില്‍ നിന്ന് തെക്കോട്ട് പോകുന്ന പ്രധാന പാത സഊദിയിലെ അല്‍-ബത്ത പോര്‍ട്ട് വഴി യു എ ഇയിലേക്ക് പ്രവേശിക്കും. യു എ ഇയുടെ ഇതിനകം സജ്ജമായിക്കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല വഴി അബൂദബി, ദുബൈ നഗരങ്ങള്‍ പിന്നിട്ട് ഇത് അതിര്‍ത്തി നഗരമായ അല്‍ ഐനിലേക്ക് നീളുന്നു. അല്‍ ഐനില്‍ നിന്ന് ഒമാന്‍ അതിര്‍ത്തി കടന്ന് സോഹാര്‍ തുറമുഖ നഗരം വഴി മസ്കത്തില് എത്തിയാണ് പ്രധാന പാത അവസാനിക്കുന്നത്. യു എ ഇ തങ്ങളുടെ ദേശീയ റെയില്‍വേ ശൃംഖല ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഒമാന്‍, യു എ ഇയുമായുള്ള തങ്ങളുടെ അതിര്‍ത്തി കടന്നുള്ള ബന്ധം 238 കിലോമീറ്റര്‍ നീളമുള്ള ‘ഹഫീത് റെയില്‍’ പദ്ധതിയിലൂടെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തുറമുഖ നഗരമായ സോഹാറിനെ അല്‍ ബുറൈമി, അല്‍ ഐന്‍ എന്നിവ വഴി അബൂദബിയുമായി ബന്ധിപ്പിക്കുന്നു. ഈ പദ്ധതിയുടെ ട്രയല്‍ റണ്ണുകള്‍ 2027-ല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇയും ഒമാനും തമ്മിലുള്ള ഈ അന്താരാഷ്ട്ര പാത ഹഫീത് റെയില്‍ എന്ന പേരിലാണ് സംയുക്തമായി വികസിപ്പിക്കുന്നത്,
പ്രധാന പാതക്ക് പുറമെ കടലിന് മുകളിലൂടെയുള്ള പ്രത്യേക പാലങ്ങള്‍ വഴിയാണ് ബഹ്റൈനും ഖത്വറും ഈ റെയില്‍ ശൃംഖലയുമായി ബന്ധപ്പെടുന്നത്. ദമാമില്‍ നിന്ന് നിര്‍ദിഷ്ട കിങ് ഹമദ് കോസ്വേ വഴി ബഹ്റൈനിലെ കിങ് ഹമദ് അന്താരാഷ്ട്ര സ്റ്റേഷനിലേക്ക് ട്രെയിന്‍ പാതയെത്തും. ഈ സ്റ്റേഷന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളവുമായും മെട്രോ ശൃംഖലയുമായും ബന്ധിപ്പിക്കും. സഊദിയിലെ സാല്വ പോര്‍ട്ട് വഴി ഖത്വറിലെ ദോഹയിലേക്കും പ്രത്യേക പാതയുണ്ടാകും. റിയാദില്‍ നിന്ന് ദോഹയിലേക്ക് വെറും രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന അതിവേഗ റെയില്‍ പാതയും ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.
Content Highlights: The GCC railway network has achieved 56 percent completion, marking a monumental milestone for regional transport. This ambitious infrastructure project connects Gulf nations to boost trade and mobility. Experts view this as a historic revolution in Middle Eastern transportation.



