Connect with us

Eduline

പറക്കാം, ലക്‌സംബർഗിലേക്ക്

ആഗോളതലത്തിലുള്ള നിരവധി വിദ്യാർഥികൾക്ക് പൂർണ ധനസഹായത്തോടെയുള്ള വിവിധ സ്കോളർഷിപ്പുകളാണ് ഈ രാജ്യം നൽകി വരുന്നത്.

Published

|

Last Updated

ന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ വളർന്നുവരുന്ന കേന്ദ്രമാണ് ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ യൂറോപ്പിലെ ലക്‌സംബർഗ്. ആഗോളതലത്തിലുള്ള നിരവധി വിദ്യാർഥികൾക്ക് പൂർണ ധനസഹായത്തോടെയുള്ള വിവിധ സ്കോളർഷിപ്പുകളാണ് ഈ രാജ്യം നൽകി വരുന്നത്. സാംസ്‌കാരിക അന്തരീക്ഷം, ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങൾ, കരിയർ അധിഷ്ഠിത പ്രോഗ്രാമുകൾ എന്നിവക്ക് പേരുകേട്ട ലക്‌സംബർഗ്, ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് മികച്ച അവസരങ്ങൾ നൽകുന്നു. ലക്‌സംബർഗ് സർവകലാശാല, ലക്‌സംബർഗ് സ്‌കൂൾ ഓഫ് ബിസിനസ്സ് തുടങ്ങിയവ പേരുകേട്ട സ്ഥാപനങ്ങളാണ്. ബിരുദ, ബിരുദാനന്തര, അല്ലെങ്കിൽ ഡോക്ടറൽ പഠനങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണെങ്കിൽ നിങ്ങൾക്ക് ലക്‌സംബർഗ് തിരഞ്ഞെടുക്കാവുന്നതാണ്.

ലക്‌സംബർഗിലെ സ്‌കോളർഷിപ്പുകളിൽ ജീവിത- യാത്രാ ചെലവുകൾ, ട്യൂഷൻ ഫീസിളവ് എന്നിവ ഉൾക്കൊള്ളുന്നു. ചിലപ്പോൾ പഠന സാമഗ്രികൾക്കും പുസ്തകങ്ങൾക്കുമുള്ള ധനസഹായവും ഉൾപ്പെടാറുണ്ട്. സർക്കാർ സ്‌പോൺസർ ചെയ്ത സ്‌കോളർഷിപ്പുകൾ, യൂനിവേഴ്‌സിറ്റി നിർദിഷ്ട ഗ്രാന്റുകൾ, സ്വകാര്യ ഫണ്ടിംഗ് എന്നിവയാണ് വിദ്യാർഥികൾക്ക് പ്രധാനമായും നൽകുന്ന സാന്പത്തിക സഹായങ്ങൾ. രാജ്യം നൽകുന്ന പ്രധാന സ്കോളർഷിപ്പുകൾ അറിയാം.

ലക്‌സംബർഗ് ഗവ. സ്‌കോളർഷിപ്പുകൾ

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട സ്‌കോളർഷിപ്പുകളിൽ ഒന്നാണ് ലക്‌സംബർഗ് ഗവ. സ്‌കോളർഷിപ്പ്. ഈ രാജ്യത്തെ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പഠിക്കുന്നതിനായി മികച്ച വിദ്യാർഥികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

യോഗ്യത, ആനുകൂല്യം

  • യൂറോപ്യൻ യൂനിയനിതര അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മാത്രം
  • മികച്ച അക്കാദമിക് കരിയർ ഉണ്ടായിരിക്കണം
  • ബിരുദ, ബിരുദാനന്തര അല്ലെങ്കിൽ പിഎച്ച് ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവരാകണം
  • പൂർണ ട്യൂഷൻ ഫീസ് ഇളവ്
  • പ്രതിമാസ ജീവിത സ്റ്റൈപെൻഡ്
  • യാത്രാ അലവൻസ്
  • ആരോഗ്യ ഇൻഷ്വറൻസ്

ലക്‌സംബർഗ് യൂനിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ

അക്കാദമിക് മെറിറ്റ് കണക്കിലെടുത്ത് സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ലക്‌സംബർഗ് യൂനിവേഴ്‌സിറ്റി വിവിധ സ്‌കോളർഷിപ്പുകൾ നൽകുന്നു. കഴിവുള്ള വിദ്യാർഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ സ്‌കോളർഷിപ്പിന്റെ ലക്ഷ്യം.

യോഗ്യത, ആനുകൂല്യം

  • എല്ലാ അന്താരാഷ്ട്ര വിദ്യാർഥികൾക്കും അപേക്ഷിക്കാം
  • യൂനിവേഴ്സിറ്റി നിർദേശിച്ച പ്രവേശന യോഗ്യതയുണ്ടാകണം
  • ഇംഗ്ലീഷ്/ഫ്രഞ്ച്/ജർമൻ ഭാഷാ പ്രാവീണ്യം വേണം (പ്രോഗ്രാമിനെ ആശ്രയിച്ച്)
  • ട്യൂഷൻ ഫീസിളവ്
  • ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ സ്റ്റൈപെൻഡ്
  • പിഎച്ച് ഡി വിദ്യാർഥികൾക്കുള്ള ഗവേഷണ ഗ്രാന്റുകൾ
  • വിവരങ്ങൾക്ക് https://www.uni.lu/life-en/financial-support/scholarships

ലക്‌സംബർഗ് സ്‌കൂൾ ഓഫ് ബിസിനസ്സ്

ബിസിനസ്സ്, മാനേജ്‌മെന്റ്, ഫിനാൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടാൻ താത്പര്യമുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ലക്‌സംബർഗ് സ്‌കൂൾ ഓഫ് ബിസിനസ്സ് നിരവധി സ്കോളർഷിപ്പുകൾ നൽകി വരുന്നുണ്ട്. ബിസിനസ്സ് മേഖല കരിയറായി തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് സഹായകരമാകുന്ന തരത്തിലാണ് ഈ സ്കോളർഷിപ്പുകൾ നൽകുന്നത്.

യോഗ്യത, ആനുകൂല്യം

  • എം ബി എക്കും ബിസിനസ്സ് സംബന്ധിയായ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കുന്ന അന്താരാഷ്ട്ര
  • വിദ്യാർഥികൾക്ക് മാത്രം
  • പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസ് ഇളവ്
  • ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ സ്റ്റൈപെൻഡ്
  • ഇന്റേൺഷിപ്പ്
  • വിവരങ്ങൾക്ക് https://luxsb.lu/mim-scholarship/

ഇറാസ്മസ് പ്ലസ് സ്‌കോളർഷിപ്പുകൾ

ഇറാസ്മസ് പ്ലസ് കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ലക്‌സംബർഗിൽ പഠിക്കാൻ യൂറോപ്യൻ യൂനിയൻ നൽകുന്ന പ്രധാന സ്കോളർഷിപ്പാണിത്. അന്താരാഷ്ട്ര സഹകരണവും സാംസ്‌കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുകയും വിദ്യാർഥികൾക്ക് ലക്‌സംബർഗിന്റെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പരിചയപ്പെടാനുള്ള അവസരവും ഇത് നൽകുന്നു.

യോഗ്യത, ആനുകൂല്യം

  • ഇറാസ്മസ് പ്ലസ് പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം
  • കരാറിൽ ഉൾപ്പെട്ട സർവകലാശാലയിൽ പഠനത്തിനായി ചേർന്നിരിക്കണം
  • ഭാഷാ പ്രാവീണ്യം വേണം
  • ട്യൂഷൻ ഫീസിളവ്
  • ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ അലവൻസ്
  • യാത്രാ ചെലവുകൾ
  • വിവരങ്ങൾക്ക് https://erasmus-plus.ec.europa.eu/opportunities/possibilities-by-country/en_luxembourg

എ എഫ് ആർ പിഎച്ച് ഡി ഗ്രാന്റുകൾ

2022 ൽ ആരംഭിച്ച ലക്‌സംബർഗ് നാഷനൽ റിസർച്ച് ഫണ്ട് (എഫ് എൻ ആർ), ലക്‌സംബർഗിൽ ഗവേഷണം ചെയ്യുന്ന പ്രതിഭയുള്ള ഡോക്ടറൽ വിദ്യാർഥികൾക്ക് നൽകി വരുന്നതാണ് എ എഫ് ആർ പിഎച്ച് ഡി ഗ്രാന്റുകൾ. മാർച്ച് 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകൾ എഫ് എൻ ആർ ഓൺലൈൻ ഗ്രാന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴി സമർപ്പിക്കണം.

യോഗ്യത, ആനുകൂല്യം

  • ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലെ പിഎച്ച് ഡി വിദ്യാർഥികൾക്ക്
  • ലക്‌സംബർഗ് ഗവേഷണ സ്ഥാപനത്തിൽ അംഗീകരിക്കപ്പെട്ടവരായിരിക്കണം
  • ഗവേഷണ ധനസഹായം
  • പ്രതിമാസ സ്റ്റൈപെൻഡ്
  • യാത്രാ ചെലവ്
  • വിവരങ്ങൾക്ക് https://www.fnr.lu/funding-instruments/afr