Connect with us

Kerala

ചെങ്കോട്ട സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

ഡല്‍ഹിയില്‍ നിന്നാണ് എന്‍ ഐ എ നിര്‍ണായക അറസ്റ്റ് നടത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി ജമ്മുകശ്മീര്‍ സ്വദേശി ആമിര്‍ റാഷീദ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നാണ് എന്‍ ഐ എ നിര്‍ണായക അറസ്റ്റ് നടത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ രജിസ്റ്റര്‍ ചെയ്തത് ആമിര്‍ റാഷീദിന്റെ പേരിലായിരുന്നു.

എന്‍ ഐ എ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്ന് ആമിര്‍ റാഷിദ് അലിയെ പിടികൂടിയത്. വാഹനം വാങ്ങാന്‍ ഉമറിനെ സഹായിക്കുന്നതിനായി അമീര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പുല്‍വാമ സ്വദേശിയുമായ ഡോ ഉമര്‍ നബിയാണ് ഐ ഇ ഡി നിറച്ച കാറിന്റെ ഡ്രൈവറെന്ന് എന്‍ ഐ എ ഫോറന്‍സിക് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന തുടരുകയാണ്.

ജമ്മു കശ്മീര്‍, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഭീകരബന്ധം സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ നടക്കുന്നത്. വൈറ്റ് കോളര്‍ ഭീകരസംഘവുമായി കൂടുതല്‍ ഡോക്ടേഴ്‌സിന് ബന്ധമുണ്ടെന്ന് സംശയം. സ്‌ഫോടനത്തിനായി രണ്ട് കിലോയില്‍ അധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തി.

അമോണിയം നൈട്രേറ്റ് മാത്രമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ സ്‌ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളുടെ രീതിയും വിലയിരുത്തിയതില്‍ നിന്ന് ട്രൈ അസെറ്റോണ്‍ ട്രൈപെറോക്‌സൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം സംശയിക്കുന്നു. മദര്‍ ഓഫ് സാത്താന്‍ എന്നറിയപ്പെടുന്ന ഈ സ്‌ഫോടകവസ്തു ചൂട് മൂലമോ ചെറിയ ഘര്‍ഷണം മൂലമോ പോലും ഡിറ്റണേറ്റര്‍ ഇല്ലാതെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതാണ്.

ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഉമര്‍ മുഹമ്മദ് പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്‌ഫോടനം നടത്തിയ ഉമര്‍ നബി ഹവാല ഇടപാടിലൂടെ 20 ലക്ഷം രൂപ സ്വരൂപിച്ചതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോക്ടര്‍മാരായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍, ആദില്‍ റാഥര്‍ എന്നിവരെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ ചോദ്യം ചെയ്തു.

 

Latest