Connect with us

Kerala

സി പി ഐ വിട്ട യുവ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്

സി പി ഐ ജില്ലാ സെക്രട്ടറിയായിരുന്ന എ പി ജയനെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് ജില്ലാ പഞ്ചായത്തംഗമായിരുന്ന ശ്രീനാദേവി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വരുന്നത്.

Published

|

Last Updated

പത്തനംതിട്ട |  സി പി ഐ വിട്ട യുവ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്. തിങ്കളാഴ്ച രാവിലെ 9.30ന് കെ പി സി സി ഓഫിസിലെത്തി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എയില്‍ നിന്നും അംഗത്വം സ്വീകരിക്കും.സി പി ഐ ജില്ലാ സെക്രട്ടറിയായിരുന്ന എ പി ജയനെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് ജില്ലാ പഞ്ചായത്തംഗമായിരുന്ന ശ്രീനാദേവി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വരുന്നത്. പരാതിയെ തുടര്‍ന്ന് സി പി ഐ സംസ്ഥാന നേതൃത്വം എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു.

ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ഇതോടെ എല്‍ ഡി എഫിന്റെ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടിയിരുന്ന ശ്രീനാദേവിയെ പാര്‍ട്ടി ഒഴിവാക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചത്. സി പി ഐ വിട്ടുവെന്നും പാര്‍ട്ടിയുടെയും എ ഐ വൈ എഫിന്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ പിന്നീട് പറഞ്ഞു. ഒട്ടനവധി പരാതികള്‍ സി പി ഐ സംസ്ഥാന നേതൃത്വത്തിന് നല്‍കിയതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്നും തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ വിഷയത്തില്‍ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സി പി ഐ കൈക്കൊണ്ടത്. ഇതിനിടയില്‍ ശ്രീനാദേവി കുഞ്ഞമ്മയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം ജില്ലയില്‍ നിന്നുമുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി തടസ്സപ്പെടുത്തിയിരുന്നതായി പറയുന്നു. കോണ്‍ഗ്രസില്‍ ചേരുന്ന ശ്രീനാദേവി കുഞ്ഞമ്മയെ ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ നിന്നും മല്‍സരിപ്പിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിത സംവരണമാണ്.