From the print
കോഴിക്കോട് കോർപറേഷൻ: കെ ജയന്തിനെ യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയാക്കാൻ നീക്കം
ഇന്ന് രാവിലെ പത്തോടെ കല്ലായി ഡിവിഷനിലെ പുതിയ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം
കോഴിക്കോട് | കോർപറേഷന്‍ യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ സംവിധായകന്‍ വി എം വിനുവിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെ പുതിയ മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ്. ഇന്ന് രാവിലെ പത്തോടെ കല്ലായി ഡിവിഷനിലെ പുതിയ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ഇന്നലെ രാത്രിയും ഇന്നുമായി നടക്കുന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.
കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ജയന്തിനെ മേയര്‍ സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ജയന്ത് ഈ പ്രദേശത്തുകാരനാണെന്നതും നഗരവുമായി ബന്ധപ്പെട്ട പാര്‍ട്ടി പരിപാടികളില്‍ സജീവമാണെന്നതും അനുകൂല ഘടകങ്ങളാണ്. ഭാവിയില്‍ നിയമസഭാ സീറ്റാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെങ്കിലും മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകാനിടയില്ല.
വോട്ടില്ലാത്തതിനാല്‍ വിനു പിന്മാറിയ സീറ്റില്‍ പുതിയ മേയര്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി പ്രവര്‍ത്തകർക്കുള്ളത്. അതേസമയം, വിനുവിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ്സിന് വലിയ ജാഗ്രതക്കുറവുണ്ടായെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശം. സംസ്ഥാന തലത്തില്‍ തന്നെ കോഴിക്കോട് പോലുള്ള സ്ഥലത്ത് മേയറുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തിരിച്ചടിയുണ്ടായത് പാര്‍ട്ടിക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്.
അതിനിടെ, വി എം വിനുവിന്റെ വോട്ട് സംബന്ധിച്ച് വീഴ്ചയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പെടുന്ന മലാപ്പറമ്പ് ഡിവിഷനിലെ കൗണ്‍സിലര്‍ രാജേഷ് സജീവ രാഷ്ട്രീയം വിടുന്നതായി ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. പാര്‍ട്ടി നേതൃത്വം അദ്ദേഹത്തോട് കത്ത് ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
വരുംദിവസങ്ങളില്‍ വിനുവിന്റെ വോട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടപടികള്‍ക്ക് സാധ്യതയുണ്ട്. അര നൂറ്റാണ്ടിലേറെയായി എല്‍ ഡി എഫ് ഭരിക്കുന്ന കോർപറേഷൻ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യു ഡി എഫ് നീക്കം. എന്നാല്‍, ഇതിന് തിരിച്ചടിയാകുന്നതായിരുന്നു വിനുവിന് വോട്ടില്ലെന്ന വിവരം.
എന്നാല്‍, താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും വോട്ട് നീക്കം ചെയ്തതാണ് എന്നുമായിരുന്നു വിനുവിന്റെ വാദം.




