Connect with us

Kerala

വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം പട്ടം സ്വദേശിയായ 56കാരിയില്‍നിന്നും കവടിയാര്‍ സ്വദേശിയായ 78കാരനില്‍ നിന്നുമാണ് പണം തട്ടിയത്

Published

|

Last Updated

തിരുവനന്തപുരം | വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം പട്ടം സ്വദേശിയായ 56കാരിയില്‍നിന്നും കവടിയാര്‍ സ്വദേശിയായ 78കാരനില്‍ നിന്നുമാണ് പണം തട്ടിയത്.

സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടം സ്വദേശിയായ 56കാരിയില്‍ നിന്ന് ജൂണ്‍ 12 മുതല്‍ ഒക്ടോബര്‍ ഒമ്പതുവരെയുള്ള കാലയളവില്‍ 25 തവണയായി 71,97,347 രൂപയാണ് തട്ടിയത്. സാമൂഹിക മാധ്യമത്തിലൂടെ ബന്ധപ്പെട്ട് സ്വകാര്യ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

വിര്‍ച്വല്‍ അറസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് കെല്‍ട്രോണിലെ മുന്‍ മാനേജറായിരുന്ന കവടിയാര്‍ സ്വദേശി 78കാരനില്‍ നിന്ന് 15,25,282 രൂപയാണ് തട്ടിയെടുത്തത്. ഈ മാസം എട്ടിന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന പേരില്‍ വിഡിയോ കാള്‍ വിളിച്ചാണ് വിര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ഇരയുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുംബൈയില്‍ കാനറ ബാങ്കിലെടുത്ത അക്കൗണ്ടില്‍ ഭീകരര്‍ 2.5 കോടിയുടെ ഇടപാട് നടത്തിയെന്നാണ് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്.

ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും ഇവരുടെ വിര്‍ച്വല്‍ അറസ്റ്റ് ഇഷ്യു ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. നിയമാനുസൃതമായ പണമല്ല ഇവരുടെ അക്കൗണ്ടിലുള്ളതെന്നും അത് തെളിയിക്കാന്‍ തങ്ങള്‍ക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് 15,25,282 രൂപ അയച്ചുകൊടുക്കുകയായിരുന്നു.

 

Latest