Kannur
വീൽചെയറിലും അതിരില്ലാത്ത ആവേശം: കണ്ണൂർ വാരിയേഴ്സിന്റെ സൂപ്പർ ഫാൻ, സൈൻ
കണ്ണൂർ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സിന്റെ മികച്ച ആരാധകനുള്ള അവാർഡ് സ്വന്തമാക്കിയ സൈൻ കണ്ണൂർ വാരിയേഴ്സിന്റെ പരിശീലനം കാണാനെത്തിയിരുന്നു.
കണ്ണൂർ | കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വീൽചെയറിലെത്തി കണ്ണൂർ വാരിയേഴ്സ് എഫ് സിക്ക് പിന്തുണ നൽക്കുന്ന ഒരാളുണ്ട്. പത്ത് വയസ്സുകാരൻ മുഹമ്മദ് സൈൻ. കണ്ണൂർ വാരിയേഴ്സിന്റെ എല്ലാ മത്സരങ്ങൾക്കും പിതാവിന്റെ കൂടെ മത്സരം കാണാൻ സൈൻ എത്തും.
സ്പൈന ബിഫിഡ എന്ന രോഗം ബാധിച്ചാണ് സൈൻ ജനിച്ചത്. ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ നട്ടെല്ലും സുഷുമ്നാ നാഡിയും പൂർണ്ണമായി രൂപപ്പെടാത്ത ഒരു ന്യൂറൽ ട്യൂബ് വൈകല്യമാണിത്. നട്ടെല്ലിൽ വിള്ളലുണ്ടാക്കുകയും സുഷുമ്നാ നാഡിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു, ഇത് ചലന, സംവേദന, മറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ഇതൊന്നും തന്റെ മകന്റെ സന്തോഷത്തിന് എതിരല്ലെന്ന ഉറച്ച വിശ്വാസത്തിൽ അവന്റെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണയുമായി പിതാവ് തായത്ത് ആസാദുണ്ട്. മകന് ഫുട്ബോളിനോടുള്ള ഇഷ്ടം മനസ്സിലാക്കിയ മുൻ ജില്ലാ ഫുട്ബോൾ താരമായിരുന്നു ആസാദ് നാട്ടിൽ കളിക്കാനും കളികാണാനും പോകുമ്പോൾ കൂട്ടായി സൈനെയും കൊണ്ട് പോകും. കണ്ണൂർ ജിംഖാനക്ക് വേണ്ടി പത്ത് വർഷം കളിച്ച താരമാണ് ആസാദ്.
കണ്ണൂർ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സിന്റെ മികച്ച ആരാധകനുള്ള അവാർഡ് സ്വന്തമാക്കിയ സൈൻ കണ്ണൂർ വാരിയേഴ്സിന്റെ പരിശീലനം കാണാനെത്തിയിരുന്നു. താരങ്ങൾക്കൊപ്പം അൽപ സമയം ചിലവിട്ട് സൈന് ടീം അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് വിട്ടത്. കണ്ണൂർ വാരിയേഴ്സ് ടീമിനൊപ്പമുള്ള സൈനിന്റെ നിമിഷം ഏറ്റവും മനോഹരവുംഓർത്തിരിക്കാവുന്നതുമായിരുന്നു എന്ന് പിതാവ് ആസാദ് പറഞ്ഞു.



