Connect with us

local body election 2025

കാസർകോട്ട് പ്രചാരണ തന്ത്രം മെനഞ്ഞ് മുന്നണികള്‍; തയ്യാറെടുക്കുന്നത് തീപാറും പോരാട്ടത്തിന്

ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുന്നതോടൊപ്പം രണ്ട് നഗരസഭയും കൂടുതല്‍ ഗ്രാമപ്പഞ്ചായത്തുകളുമാണ് ഇത്തവണ ഇടതുമുന്നണി ലക്ഷ്യം വെക്കുന്നത്. എന്നാല്‍ കാസര്‍കോട് നഗരസഭയില്‍ വിജയം ആവര്‍ത്തിക്കുന്നതോടൊപ്പം ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം നഗര ഭരണവും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളിലാണ് യു ഡി എഫ്.

Published

|

Last Updated

കാസര്‍കോട് | തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആഴ്ചകള്‍ മാത്രം ശേഷിക്കെ, കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള പടപ്പുറപ്പാടുമായി മുന്നണികള്‍ കളം നിറയുന്നു.

ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുന്നതോടൊപ്പം രണ്ട് നഗരസഭയും കൂടുതല്‍ ഗ്രാമപ്പഞ്ചായത്തുകളുമാണ് ഇത്തവണ ഇടതുമുന്നണി ലക്ഷ്യം വെക്കുന്നത്. എന്നാല്‍ കാസര്‍കോട് നഗരസഭയില്‍ വിജയം ആവര്‍ത്തിക്കുന്നതോടൊപ്പം ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം നഗര ഭരണവും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളിലാണ് യു ഡി എഫ്.

ഗ്രാമപ്പഞ്ചായത്തുകളില്‍ നിലവില്‍ 19 ഇടത്ത് ഇടതുമുന്നണിയും 15 ഇടത്ത് യു ഡി എഫും മൂന്നിടത്ത് എന്‍ ഡി എയുമാണ് ഭരണം നടത്തുന്നത്. മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്രയാണ് പ്രസിഡന്റ്. എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും പിന്തുണ ഇവര്‍ക്കുണ്ട്. 2015 മുതല്‍ 2020 വരെയുള്ള കാലയളവിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ നേരെ മറിച്ചാണ് സ്ഥിതി. 19 ഇടത്ത് യു ഡി എഫും 15 ഇടത്ത് ഇടതുമുന്നണിയുമാണ് അധികാരം കൈയാളിയത്.

നാല് പഞ്ചായത്തുകളാണ് അന്ന് എന്‍ ഡി എയെ തുണച്ചത്. ജില്ലാപഞ്ചായത്തില്‍ കഴിഞ്ഞ നാല് തവണത്തെ ഭരണമെടുത്താല്‍ ഇടത്- വലത് മുന്നണികള്‍ മാറിമാറിയാണ് അധികാരത്തിലെത്തിയത്. ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുപക്ഷത്തിനാണ് നിലവില്‍ മുന്‍തൂക്കം. എന്നാല്‍, നഗരസഭകളില്‍ ഇടതും വലതും മാറിമാറി മുന്നിലും പിറകിലുമാകുന്നു. കാസര്‍കോട് യു ഡി എഫിന്റെയും നീലേശ്വരം എല്‍ ഡി എഫിന്റെയും ഇളകാത്ത കോട്ടകളാണ്. കാഞ്ഞങ്ങാട് എങ്ങോട്ട് വേണമെങ്കിലും ചാഞ്ചാടാമെന്നതാണ് അവസ്ഥ.

കാസര്‍കോടിന്റെ വടക്ക് അതിര്‍ത്തി ഗ്രാമങ്ങളിലുള്‍പ്പെടെ വാര്‍ഡ് തലം മുതല്‍ എന്‍ ഡി എക്കാണ് മേധാവിത്വം. ഇത്തവണ നാല് പഞ്ചായത്തുകള്‍ ഇടതുമുന്നണിക്ക് അധികമാണെങ്കിലും വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ ഇടതിന് വലിയ ഭൂരിപക്ഷമൊന്നും അവകാശപ്പെടാന്‍ കഴിയില്ല. മാത്രവുമല്ല, 16 ഗ്രാമപഞ്ചായത്തുകള്‍ എപ്പോള്‍ വേണമെങ്കിലും മാറിമാറിയാമെന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. തുടര്‍ച്ചയായി രണ്ട് വട്ടം വന്‍ ഭൂരിപക്ഷത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയിലേക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് ഇത്തവണ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുകോട്ടകളില്‍ പോലും യു ഡി എഫിന് നല്ല ശതമാനം വോട്ട് പിടിക്കാന്‍ കഴിഞ്ഞിരുന്നു.

ഉണ്ണിത്താന്റെ വിജയത്തോടെ 2015ന് ശേഷമാണ് യു ഡി എഫിന് ജില്ലയില്‍ കരുത്ത് വര്‍ധച്ചത്. അതേയിടങ്ങളില്‍ നിയമസഭ മത്സരമാകുമ്പോള്‍, ‘കൈ’യെ മാറ്റി അരിവാളെടുത്തിട്ടുമുണ്ട്. പോരാട്ടം തദ്ദേശത്തിലെത്തുമ്പോള്‍ ആളും പെരുമാറ്റവും പ്രദേശത്തെ വികസനവുമൊക്കെയാണ് വോട്ടിംഗില്‍ പ്രതിഫലിക്കുക. അവിടെ വലിയ രാഷ്ട്രീയചിന്തയൊന്നും മിക്കയിടത്തും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ മൂന്നോ നാലോ പഞ്ചായത്തുകളില്‍ എതെങ്കിലുമൊരു മുന്നണിക്ക് മേല്‍ക്കൈ വന്നാലും വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍ നൂലിഴ വ്യത്യാസമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. സംസ്ഥാന സര്‍ക്കാറിന്റെ വികസനം അക്കമിട്ട് നിരത്തി എല്‍ ഡി എഫും കേന്ദ്രസര്‍ക്കാരിന്റെ വികസനം പറഞ്ഞ് എന്‍ ഡി എയും പോരാട്ടത്തിനിറങ്ങുന്നു.

ഇതാദ്യമായി രണ്ട് പഞ്ചായത്തുകള്‍ തുടര്‍ച്ചയായി രണ്ടാംതവണയും സ്ത്രീസംവരണമായതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. അജാനൂരും ചെമ്മനാടുമാണ് ഈ പഞ്ചായത്തുകള്‍. ബേഡഡുക്ക, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം- ബേളൂര്‍, മടിക്കൈ, പിലിക്കോട്, പനത്തടി പഞ്ചായത്തുകള്‍ എല്‍ ഡി എഫിനും ബളാല്‍, എന്‍മകജെ, കള്ളാര്‍, ഈസ്റ്റ് എളേരി, കുംബഡാജെ, തൃക്കരിപ്പൂര്‍, ചെമ്മനാട്, ചെങ്കള, കുമ്പള, മംഗല്‍പ്പാടി, മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തുകള്‍ യു ഡി എഫിനും ബെള്ളൂര്‍, കാറഡുക്ക, മധൂര്‍ പഞ്ചായത്തുകള്‍ എന്‍ ഡി എക്കും ഉറച്ചതാണ്. ദേലമ്പാടി, കുറ്റിക്കോല്‍, മീഞ്ച, പൈവളിഗെ, പുത്തിഗെ, പള്ളിക്കര, ഉദുമ, വലിയപറമ്പ്, വൊര്‍ക്കാടി, മുളിയാര്‍, അജാനൂര്‍ എന്നീ പഞ്ചായത്തുകള്‍ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. മുളിയാറില്‍ നറുക്കെടുപ്പിലൂടെയാണ് ഇടത് അധികാരത്തിലേറിയത്.
പടന്നയിലും പുല്ലൂര്‍-പെരിയയിലും ബദിയഡുക്കയിലും വെസ്റ്റ് എളേരിയിലും യു ഡി എഫ് ഭരിക്കുന്നത് നേരിയ ഭൂരിപക്ഷത്തിലാണ്. മഞ്ചേശ്വരമാകട്ടെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഗ്രാമപഞ്ചായത്താണ്.

Latest