Connect with us

local body election 2025

ലൈക്ക്, ഷെയർ, സ്റ്റാറ്റസ്...; ന്യൂജെന്‍ പ്രചാരണം ഹൈടെക്കില്‍

വോട്ട് പെട്ടിയിലാക്കണമെങ്കില്‍ ഇ- തലമുറയുടെ ഒപ്പത്തിനൊപ്പം സഞ്ചരിച്ചാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവില്‍ എല്ലാ മുന്നണികളും നേരത്തേതന്നെ റീല്‍സുകള്‍ കൊണ്ട് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

Published

|

Last Updated

കോഴിക്കോട് | സ്ഥാനാര്‍ഥികൾ വോട്ടർമാരെ നേരില്‍ക്കണ്ട് വോട്ട് ചോദിക്കുന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം മാറി മറിയുകയാണ്. “വാട്സാപ്പില്‍ വീഡിയോ അയച്ചിട്ടുണ്ടേ… കാണണം, ലൈക്കടിക്കണം, ഷെയർ ചെയ്യണം. പിന്നെ സ്റ്റാറ്റസും വെക്കണം.’ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ സ്ഥാനാര്‍ഥികളുടെ ന്യൂജന്‍ വോട്ട് അഭ്യര്‍ഥന ഇങ്ങനെയാണ് പുരോഗമിക്കുന്നത്.

റീലുകളായും ഷോട്ട് വീഡിയോകളായും സാമൂഹിക മാധ്യമങ്ങള്‍ തൂക്കുകയാണ്. വോട്ട് പെട്ടിയിലാക്കണമെങ്കില്‍ ഇ- തലമുറയുടെ ഒപ്പത്തിനൊപ്പം സഞ്ചരിച്ചാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവില്‍ എല്ലാ മുന്നണികളും നേരത്തേതന്നെ റീല്‍സുകള്‍ കൊണ്ട് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

ഇവ പങ്കുവെക്കുന്നതോടെ വോട്ട് ഏതെല്ലാം പെട്ടികളില്‍ വീഴുമെന്ന് മുന്നണികള്‍ ഏറെക്കുറേ ഉറപ്പിക്കുകയാണ്. അവരവരുടെ സ്ഥാനാര്‍ഥികള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ ചെറു വീഡിയോകളായും ട്രോളുകളായും പോസ്റ്റുകളായും ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സജീവമാണ്. മാത്രമല്ല, കമന്റ് സെക്്ഷനുകളില്‍ ഗൗരവമായ ചര്‍ച്ചകളുമുണ്ട്. ന്യൂജന്‍ മാത്രമല്ല, 80 വസന്തങ്ങളും റീലുകള്‍ മില്യനടിക്കാന്‍ സജീവമായിത്തന്നെ രംഗത്തുണ്ട്. സ്ഥാനാര്‍ഥികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫേസ്ബുക്ക് പേജുകളുമുണ്ട്.

പയറ്റിത്തെളിഞ്ഞ തന്ത്രമായ പാരഡി ഗാനാലാപനത്തിന് ഇപ്പോഴും മാര്‍ക്കറ്റുണ്ട്. ട്രോളുകളായാലും കുഴപ്പമില്ല, വോട്ട് കിട്ടണമെന്നാണ് ചിലരുടെ പക്ഷം. റീലുകളും വാട്ട്സാപ്പ് സന്ദേശങ്ങളും തയ്യാറാക്കി നല്‍കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സംഘങ്ങള്‍ നഗരത്തിലും നാട്ടിന്‍പുറത്തും സജീവമാണ്.

സ്ഥാപനങ്ങളുടെ ബാനറിലും അല്ലാതെയും ഇത്തരം സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. പണച്ചെലവ് വന്നാലും വോട്ടര്‍മാരുടെ ഓര്‍മയിലും ചിന്തയിലും തങ്ങള്‍ നിറഞ്ഞുനില്‍ക്കണം എന്നാണ് സ്ഥാനാര്‍ഥികളുടെ നിലപാട്. അഥവാ ന്യൂജന്‍ പരീക്ഷണങ്ങള്‍ക്ക് മുമ്പില്‍ അവര്‍ അതിന് നിര്‍ബന്ധിതരാവുകയാണ്.