Aksharam Education
ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം; രജിസ്ട്രേഷൻ ആരംഭിച്ചു
നാഷനൽ മെഡിക്കൽ കമ്മീഷനിലോ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലോ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വിദേശ മെഡിക്കൽ ബിരുദധാരികൾ ഈ പരീക്ഷയിൽ യോഗ്യത നേടേണ്ടതുണ്ട്.
നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് (എൻ ബി ഇ എം എസ്) നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്റെ (എഫ് എം ജി ഇ) രജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ 14 വരെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. നാഷനൽ മെഡിക്കൽ കമ്മീഷനിലോ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലോ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വിദേശ മെഡിക്കൽ ബിരുദധാരികൾ ഈ പരീക്ഷയിൽ യോഗ്യത നേടേണ്ടതുണ്ട്. 300 മാർക്കിന്റെ പരീക്ഷയിൽ വിദ്യാർഥികൾക്ക് പാസ്സാകാൻ വേണ്ടത് 150 മാർക്കാണ്. രണ്ട് സെഷനുകളിലായി നടത്തുന്ന പരീക്ഷയിൽ 300 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടായിരിക്കും. ഓരോ സെഷനിലും 150 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. 150 മിനുട്ടാണ് പരീക്ഷാ സമയം.
സാധാരണഗതിയിൽ എഫ് എം ജി ഇയുടെ വിജയശതമാനം കുറവാണെന്നാണ് വിലയിരുത്തൽ. 2014ൽ 4.93 ശതമാനമായിരുന്നു വിജയം. 2022ലാണ് ഏറ്റവും ഉയർന്ന വിജയശതമാനം (39) റിപോർട്ട് ചെയ്തത്. അതേസമയം, ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികളുടെ വിജയശതമാനം അർമേനിയ, ബെലാറസ്, ജോർജിയ, കസാക്കിസ്താൻ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ നിന്ന് ബിരുദം നേടിയവരെ അപേക്ഷിച്ച് മികച്ചതാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വിദേശ മെഡിക്കൽ കോളജുകളിലെ പരിശീലനവും നിലവാരമില്ലാത്ത മെഡിക്കൽ വിദ്യാഭ്യാസവുമാണ് പരീക്ഷയിൽ കുറഞ്ഞ വിജയശതമാനത്തിന് കാരണമെന്ന് വിദഗ്‌ധർ പറയുന്നു.
ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ നിന്ന് വ്യത്യസ്തമായി, വിദേശ രാജ്യങ്ങളിലെ കോളജുകളിൽ ശരിയായ അടിസ്ഥാന സൗകര്യങ്ങളില്ല. ഇവിടെ ചേരുന്ന വിദ്യാർഥികൾക്ക് ആശുപത്രികളിൽ പരിശീലനം ലഭിക്കുന്നില്ല. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികൾക്ക് എം ബി ബി എസ് ബിരുദം പൂർത്തിയാക്കാൻ ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് നടത്തേണ്ടതുണ്ട്. രോഗികളുടെ സാന്നിധ്യത്തിന്റെയും ക്ലിനിക്കൽ പരിശീലനത്തിന്റെയും അഭാവം വിദേശ മെഡിക്കൽ വിദ്യാർഥികളെ പരീക്ഷാ സമയത്ത് വലയ്ക്കാറുണ്ടെന്നും വിദഗ്‌ധർ പറയുന്നു.
വിദേശ രാജ്യത്ത് നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ യോഗ്യത തേടുന്ന സ്‌ക്രീനിംഗ് ടെസ്റ്റാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ. വർഷത്തിൽ ജൂൺ, ഡിസംബർ മാസങ്ങളിലാണ് നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് പരീക്ഷ നടത്തുന്നത്.




