Connect with us

Aksharam Education

തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ താക്കോൽ

ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി വരാനുള്ളത് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്.

Published

|

Last Updated

മ്മുടെ നാട് വലിയൊരു തിരഞ്ഞെടുപ്പിന്റെ ചൂടിലാണല്ലേ. രാജ്യത്തിന്റെ നെടുംതൂണായ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ തിരഞ്ഞെടുപ്പ് വലിയൊരു ഘടകമാണെന്ന് അറിയാമല്ലോ. 18 വയസ്സ് തികഞ്ഞവർക്കാണ് ഇന്ത്യയിൽ വോട്ടവകാശം. നമ്മുടെ ജനപ്രതിനിധിയും ഭരണാധികാരികളും ആരാകണമെന്ന് തീരുമാനിക്കുന്നത് നാം ഓരോരുത്തരും രേഖപ്പെടുത്തുന്ന വോട്ടിലൂടെയാണ്. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി വരാനുള്ളത് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രക്രിയകൾ നമുക്ക് പരിചയപ്പെടാം.

ലോക്സഭാ തിരഞ്ഞെടുപ്പ്

നമ്മുടെ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇന്ത്യയുടെ പുതിയ ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ട് രേഖപ്പെടുത്തും. ഇന്ത്യയുടെ ദ്വിസഭ പാർലിമെന്റിൽ ലോക്‌സഭയും രാജ്യസഭയും ഉൾപ്പെടുന്നു. ലോക്‌സഭയിലേക്കുള്ള പ്രതിനിധികളെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും പ്രതിനിധികൾ ചേർന്നാണ് രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 2025 ലെ കണക്കനുസരിച്ച് ലോക്സഭയിൽ നിലവിൽ 543 അംഗങ്ങളാണുള്ളത്. എന്നിരുന്നാലും ഭരണഘടന പരമാവധി 550 സീറ്റുകൾ വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്.

രാജ്യസഭ പിരിച്ചുവിടാൻ കഴിയാത്ത സഭയാണ്. അതായത് ഓരോ നാല് വർഷം കൂടുമ്പോഴും പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്നു. ആ സമയത്ത് നാല് വർഷം പൂർത്തിയാകാത്ത അംഗങ്ങൾ സഭയിൽ തന്നെ ഉണ്ടാകും എന്നതിനാൽ രാജ്യസഭ സ്ഥിരം സംവിധാനമാണ്. എന്നാൽ, ലോക്സഭയിലേക്കുള്ള പ്രതിനിധികളെ മുഴുവൻ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കുന്നത്. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോക്സഭയിലേക്ക് മത്സരിക്കാം. രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

അഞ്ച് വർഷമാണ് ലോക്സഭയുടെ കാലാവധിയെങ്കിലും പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഇന്ത്യൻ പ്രസിഡന്റിന് നേരത്തേ പിരിച്ചുവിടാൻ കഴിയും. ദേശീയ അടിയന്തരാവസ്ഥയിൽ, ലോക്സഭയുടെ കാലാവധി നിയമപ്രകാരം പാർലിമെന്റിന് പരമാവധി ഒരു വർഷത്തേക്ക് നീട്ടാനും കഴിയും. അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷം ആറ് മാസത്തിൽ കൂടരുത്. ജനസംഖ്യ അടിസ്ഥാനമാക്കി മണ്ഡലങ്ങളായി വിഭജിച്ചാണ് ലോക്സഭയിലേക്ക് ഓരോ സംസ്ഥാനത്തു നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കുക. ഏറ്റവും കൂടുതൽ ലോക്‌സഭാ അംഗങ്ങൾ പിന്തുണക്കുന്ന പാർട്ടിയുടെ അല്ലെങ്കിൽ ആളുടെ നേതൃത്വത്തിലാകും മന്ത്രിസഭ രൂപവത്കരിക്കുക. മന്ത്രിസഭ രൂപവത്കരിച്ചാൽ നിശ്ചിത ദിവസത്തിനകം പാർലിമെന്റിൽ ഭൂരിപക്ഷം തെളിയിക്കുകയും വേണം.

സ്പീക്കർ

ലോക്സഭയിലെ അംഗങ്ങൾ ചേർന്ന് സഭയുടെ അധ്യക്ഷനെ തിരഞ്ഞെടുക്കും. സ്പീക്കർ എന്നാണ് അദ്ദേഹം അറിയപ്പെടുക. സാധാരണ രീതിയിൽ ഭരണകക്ഷിയുടെ പ്രതിനിധിയാകും സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെടുക. ലോക്‌സഭ ചേരുമ്പോൾ അധ്യക്ഷത വഹിക്കുന്നത് സ്പീക്കറായിരിക്കും. അദ്ദേഹത്തിന്റെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കറാകും അധ്യക്ഷൻ. സാധാരണയായി പ്രധാനമന്ത്രിയാണ് സഭാ നേതാവാകുന്നത്. സർക്കാറിനെ പ്രതിനിധീകരിക്കുക എന്നതാണ് സഭാ നേതാവിന്റെ പ്രധാന പങ്ക്. പ്രധാനമന്ത്രി നിയമിച്ചാൽ മന്ത്രിസഭയിലെ ഒരു അംഗത്തിന് സഭാ നേതാവാകാം. ഭരണകക്ഷിയോ പാർട്ടികളുടെ സഖ്യമോ കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടിയുടെ തലവനാണ് പ്രതിപക്ഷ നേതാവ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

നമ്മുടെ പ്രഥമ പൗരനായ രാഷ്ട്രപതി അഥവാ ഇന്ത്യൻ പ്രസിഡന്റിനെയും ഉപരാഷ്ട്രപതിയെയും തിരഞ്ഞെടുക്കുന്നത് ലോക്സഭാ അംഗങ്ങളും രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ നിയമ സഭാ അംഗങ്ങളും ചേർന്നാണ്. ഇന്ത്യയുടെ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തിരഞ്ഞെടുപ്പിൽ പാർലിമെന്റിന് പങ്കുണ്ട്. പാർലിമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും എല്ലാ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്ന ഒരു ഇലക്ടറൽ കോളജാണ് രാഷ്ട്രപതിയെ അഞ്ച് വർഷത്തെ കാലാവധിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദേശം ചെയ്യപ്പെട്ടതുമായ എല്ലാ അംഗങ്ങളും അടങ്ങുന്ന ഒരു ഇലക്ടറൽ കോളജാണിത്.

(തിരഞ്ഞെടുപ്പ് ചരിത്രത്തെ കുറിച്ച് അടുത്ത ലക്കത്തിൽ പരിചയപ്പെടാം)