Connect with us

Malappuram

വാഗൺ കൂട്ടക്കൊല: പോരാട്ടത്തിന്റെ മരിക്കാത്ത ഓർമ

സ്വാതന്ത്രസമര ചരിത്രത്തിലെ ഏറ്റവും കിരാതമായ ഏടുകളിലൊന്നാണ് ബ്രിട്ടീഷ് പട്ടാളം ആസൂത്രിതമായി നടപ്പാക്കിയ വാഗൺ കൂട്ടക്കൊല.

Published

|

Last Updated

തിരൂർ | ചൂളംവിളിച്ച് ചീറിപ്പാഞ്ഞുപോയ ആ തീവണ്ടിയിൽ നിന്ന് ഒരു നിശ്വാസത്തിന്റെ ശബ്ദംപോലും പുറത്തുവന്നില്ല. പക്ഷേ ഒരുകൂട്ടം മനുഷ്യർ തീവണ്ടിയിൽ നാടിനും ജീവനും വേണ്ടി പോരാടുന്നുണ്ടായിരുന്നു. ചരക്ക് കൊണ്ടുപോകാനായി ക്രമീകരിച്ച എം എസ് എം എല്‍ വി 1711 എന്ന നമ്പർ ബോഗിയിൽ നിന്നും മനുഷ്യർ ജീവവായുവിന് വേണ്ടി മല്ലിട്ടു. പരസ്പരം കടിച്ചുകീറി. ജീവനറ്റുപോകുന്ന വേദനയിൽ രക്തവും വിസർജ്യവും പുരണ്ട് ഒരിറ്റ് ദാഹജലത്തിനായി അവർ ആ വാഗണിൽ നിന്നും ഉറക്കെ നിലവിളിച്ചു. ഒടുവിൽ കിലോമീറ്ററുകൾ താണ്ടി പോത്തന്നൂരിലെത്തിയപ്പോഴേക്കും പലരും ചലനമറ്റുവീണു.

സ്വാതന്ത്രസമര ചരിത്രത്തിലെ ഏറ്റവും കിരാതമായ ഏടുകളിലൊന്നാണ് ബ്രിട്ടീഷ് പട്ടാളം ആസൂത്രിതമായി നടപ്പാക്കിയ വാഗൺ കൂട്ടക്കൊല. 1921 നവംബർ 19, പുലാമന്തോൾ പാലം പൊളിച്ചെന്നാരോപിച്ച് പിടിക്കപ്പെട്ട നൂറോളം തടവുകാരുമായി ബ്രിട്ടീഷ് പട്ടാള മേധാവികളായ ഇവാൻസ്, കേണൽ ഹംഫ്രിബ്, ഹിച്ച്‌കോക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തിരൂരിലെത്തി. 60 പേർക്ക് കഷ്ടിച്ച് കയറാവുന്ന ചരക്ക് ബോഗിയിൽ നൂറോളം പേരെ കുത്തിനിറച്ച് പുറത്തുനിന്ന് പൂട്ടി. രാത്രിയോടെ യാത്ര തുടങ്ങി അൽപ്പദൂരം പിന്നിട്ടപ്പോൾ തന്നെ ആളുകൾ അവശരായി നിലവിളിച്ചു. പോത്തന്നൂർ എത്താതെ ബോഗി തുറക്കരുതെന്ന് പട്ടാളമേധാവിയുടെ കൽപ്പനയുള്ളതിനാൽ ഇടക്കുള്ള പല സ്റ്റേഷനുകളിൽ വണ്ടി നിർത്തിയെങ്കിലും ബോഗി തുറന്ന് നോക്കാൻ പോലും അവർ തയ്യാറായില്ല.70 പേരാണ് വാഗൺ കൂട്ടക്കൊലയിൽ രക്ത സാക്ഷികളായത്. സ്വാതന്ത്ര്യ സമര പോരാളികളുടെ സമരവീര്യം തകർത്ത് പ്രതിഷേധം ഇല്ലായ്മ ചെയ്യാനായി നിരപരാധികളെ തുറുങ്കിലടച്ചു.

മലബാറിലെ തടവറകൾ നിറഞ്ഞപ്പോഴാണ് ആന്തമാനിലേക്കും ബെല്ലാരിയിലേക്കുമെല്ലാം തടവുകാരെ കൊണ്ടുപോകാൻ തീരുമാനിച്ചത്. ബോഗിയിൽ മരിച്ചുവീണ 44 പേരെ കോരങ്ങത്ത് ജുമുഅ മസ്ജിദ് ഖബറിസ്ഥാനിലും 11 പേരെ കോട്ട് ജുമുഅ മസ്ജിദ് ഖബറിസ്ഥാനിലും മറവ് ചെയ്തു. ഹൈന്ദവ പോരാളികളുടെ മൃതശരീരം മുത്തൂരിലും സംസ്‌കരിച്ചു.

അർഹിച്ച സ്മാരകം വേണം

വാഗൺ കൂട്ടക്കൊലയിൽ രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികൾക്ക് അർഹിച്ച സ്മാരകം വേണമെന്ന ആവശ്യം ശക്തം. നിലവിൽ നഗരസഭ ടൗൺഹാളിനോട് ചേർന്നുള്ള തീവണ്ടി ബോഗിയുടെ മാതൃക മാത്രമാണ് സ്മാരകമായിട്ടുള്ളത്. നേരത്തെ നഗരസഭ മ്യൂസിയം അടക്കമുള്ള പദ്ധതികൾ മുന്നോട്ട് വെച്ചിരുന്നെങ്കിലും എല്ലാം കടലാസിലൊതുങ്ങി. വാഗൺ കൂട്ടക്കൊലയുടെ സ്മരണകളുറങ്ങുന്ന തിരൂർ റെയിൽവേ സ്‌റ്റേഷന്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വാഗൺ കൂട്ടക്കൊല അടയാളപ്പെടുത്തുന്ന ചുവർ ചിത്രം വരച്ചിരുന്നു. എന്നാൽ സംഘ്പരിവാർ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് റെയിൽവേ അത് മായ്ച്ചുകളഞ്ഞു. ചരിത്രശേഷിപ്പുകൾ ഓരോന്നായി അടർത്തിമാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതുതലുറക്ക് പകർന്നുനൽകാൻ ചരിത്ര ശേഷിപ്പുകൾ ശേഖരിച്ച് മ്യൂസിയം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

Latest