National
വൈഷ്ണോദേവി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ 90% വിദ്യാർത്ഥികളും മുസ്ലീങ്ങൾ; ജമ്മുവിൽ സംഘപരിവാർ പ്രതിഷേധം
പ്രവേശന നടപടികൾ നിയമപരമാണെന്നും നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ എം സി.) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവേശനം നൽകിയത് എന്നും ഉദ്യോഗസ്ഥർ
ജമ്മു | ജമ്മുവിലെ കത്ര ആസ്ഥാനമായുള്ള മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിലെ (എസ് എം വി ഐ എം ഇ.) വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിനായുള്ള പ്രവേശന ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ രംഗത്ത്. പ്രവേശനം ലഭിച്ചവരിൽ 90% വിദ്യാർത്ഥികളും കാശ്മീർ സ്വദേശികളായ മുസ്ലീങ്ങളാണ് എന്നതാണ് പ്രതിഷേധത്തിന് കാരണം.
വി എച്ച് പി., ബജ്‌രംഗ് ദൾ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. വൈഷ്ണോദേവി ക്ഷേത്രത്തിലെ സംഭാവനകൾ ഉപയോഗിച്ച് സ്ഥാപിച്ച ഒരു സ്ഥാപനത്തിൽ മുസ്ലീം സമുദായ അംഗങ്ങൾ ആധിപത്യം സ്ഥാപിക്കരുതെന്നും, സീറ്റുകൾ ഹിന്ദുക്കൾക്കായി സംവരണം ചെയ്യണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. ബി ജെ പി.യുടെ ഉധംപൂർ എം എൽ എ. ആർ എസ്. പഥാനിയ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
ജമ്മു കശ്മീർ ബോർഡ് ഓഫ് പ്രൊഫഷണൽ എൻട്രൻസ് എക്സാമിനേഷൻസ് (ജെ കെ ബി ഒ പി ഇ ഇ.) അംഗീകരിച്ച 50 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ 42 പേർ കാശ്മീരിൽ നിന്നും 8 പേർ ജമ്മുവിൽ നിന്നുമുള്ളവരാണ്. ഇതിൽ കാശ്മീരിൽ നിന്നുള്ള 36 പേരും ജമ്മുവിൽ നിന്നുള്ള 3 പേരും ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്.
പ്രവേശനം താൽക്കാലികമായി നിർത്തിവെക്കണമെന്നും, അടുത്ത ബാച്ചിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും ഹിന്ദുക്കളാണെന്ന് ഉറപ്പാക്കാൻ മാനേജ്മെന്റ് ‘തെറ്റ്’ തിരുത്തണമെന്നും വി എച്ച് പി. ജമ്മു കശ്മീർ പ്രസിഡന്റ് രാജേഷ് ഗുപ്ത ആവശ്യപ്പെട്ടു. 50 പേരുടെ ഇപ്പോഴത്തെ ലിസ്റ്റ് മെഡിക്കൽ കോളേജിനെ ഇസ്ലാമികവൽക്കരിക്കാനുള്ള ഗൂഢാലോചനയാണ് എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രവേശന നടപടികൾ നിയമപരമാണെന്നും നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ എം സി.) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവേശനം നൽകിയത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ന്യൂനപക്ഷ സ്ഥാപനമായി പദവി തേടാത്തതിനാൽ, എൻ ഇ ഇ ടി. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ ജെ കെ ബി ഒ പി ഇ ഇ. ബാധ്യസ്ഥരാണ്. മൊത്തം സീറ്റുകളിൽ 85% കേന്ദ്രഭരണ പ്രദേശത്തിലെ (യൂ ടി.) ഡൊമിസൈൽ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
പ്രവേശന നടപടികൾ വൈകിയതിനാൽ മൂന്നാം ഘട്ട കൗൺസിലിംഗിന് ശേഷമാണ് ലിസ്റ്റ് തയ്യാറാക്കിയത്. 13 മെഡിക്കൽ കോളേജുകൾക്കായി ഷോർട്ട് ലിസ്റ്റ് ചെയ്ത 5,865 യൂ ടി. ഡൊമിസൈൽ വിദ്യാർത്ഥികളിൽ 70% ലധികം പേർ മുസ്ലീം സമുദായത്തിൽ പെട്ടവരായിരുന്നുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.






