local body election 2025
തിരഞ്ഞെടുപ്പ് കാലത്ത് ട്രെന്‍ഡായി പ്രിന്റഡ് മുണ്ടുകള്‍
സി പി എം, സി പി ഐ, കോണ്‍ഗ്രസ്സ്, ബി ജെ പി, മുസ‌്ലിം ലീഗ് ചിഹ്നങ്ങളായ അരിവാള്‍ ചുറ്റിക നക്ഷത്രം, അരിവാള്‍ നെല്‍ക്കതിര്‍, കൈപ്പത്തി, താമര, ഏണി എന്നീ ചിത്രങ്ങള്‍ പതിച്ച മുണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയത്.
പാലക്കാട് | തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികള്‍ മാത്രമല്ല, മാരായമംഗലത്തെ ഗിരീഷിന്റെ കൈത്തറി കടയും തിരക്കിലാണ്. പാര്‍ട്ടി ചിഹ്നങ്ങള്‍ കരയാക്കി ഒറ്റമുണ്ടുകള്‍ വിൽപ്പനക്കെത്തിച്ചതോടെയാണ് ഗിരിഷിന്റെ കൈത്തറി പാര്‍ട്ടിക്കിടെയും പ്രിയങ്കരമായത്. സി പി എം, സി പി ഐ, കോണ്‍ഗ്രസ്സ്, ബി ജെ പി, മുസ‌്ലിം ലീഗ് ചിഹ്നങ്ങളായ അരിവാള്‍ ചുറ്റിക നക്ഷത്രം, അരിവാള്‍ നെല്‍ക്കതിര്‍, കൈപ്പത്തി, താമര, ഏണി എന്നീ ചിത്രങ്ങള്‍ പതിച്ച മുണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയത്.
200 രൂപ നിരക്കില്‍ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മുണ്ടുകള്‍ക്ക് സംസ്ഥാനത്തുടനീളം ആവശ്യക്കാരേറെയാണെന്ന് ഗിരീഷ് പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ഈതരം മുണ്ടുകള്‍ക്ക് ചില്ലറയായും മൊത്തമായും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നാണ് താരതമ്യേന ആവശ്യക്കാര്‍ കൂടുതലുള്ളത്. ആഗസ്റ്റിൽ സ്വതന്ത്രദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പതാക പതിച്ച മുണ്ടുകള്‍ കൂടുതല്‍ വിറ്റ് പോയിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പ് കാലത്ത് ചിഹ്നങ്ങള്‍ പതിച്ച പ്രിന്റഡ് മുണ്ട് എന്ന ആശയം ഉദിച്ചത്. പിന്നെ താമസിച്ചില്ല, കോയമ്പത്തൂരിലെ നിര്‍മാണ യൂനിറ്റില്‍ നിന്നും കൈപ്പത്തിയും താമരയും അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരും ഏണിയും പതിച്ച മുണ്ടുകള്‍ എത്തിക്കുകയായിരുന്നു.
ചില സ്വതന്ത്രസ്ഥാനാര്‍ഥികളും ചിഹ്നം അനുവദിച്ചാല്‍, തങ്ങളുടെ ചിഹ്നം പതിച്ച മുണ്ടുകള്‍ തയ്യാറാക്കി നല്‍കുമോയെന്ന് അന്വേഷിച്ച് ഗിരീഷിനെ സമീപിച്ചിട്ടുണ്ട്. സമയലഭ്യതയനുസരിച്ച് ആവശ്യക്കാര്‍ക്കെല്ലാം മുണ്ടുകള്‍ നിര്‍മിച്ച് നല്‍കണമെന്നാണ് ഗിരീഷിന്റെ ആഗ്രഹം.
പ്രധാന രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതേ മുണ്ട് വരുന്ന നിയമസഭാ കാലത്തും ഉപയോഗിക്കാന്‍ കഴിയുമെന്നും ഗിരീഷ് അഭിപ്രായപ്പെടുന്നു. പ്രധാനമായും ഓര്‍ഡര്‍ അനുസരിച്ച് കൊറിയര്‍ വഴിയാണ് മുണ്ട് വിൽപ്പന പൊടിപൊടിക്കുന്നത്. ഇതിനകം 2,500ലധികം മുണ്ടുകളാണ് വിറ്റുപോയത്. കഴിഞ്ഞ ദിവസവും ഓണ്‍ലൈന്‍ വഴി നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
ഒറ്റമുണ്ടില്‍ പാര്‍ട്ടി ചിഹ്നം കരയാക്കിയ തന്റെ പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഗിരീഷ്. സമൂഹിക മാധ്യമങ്ങളിലും പാലക്കാട്ടെ പാര്‍ട്ടി മുണ്ട് വൈറലാണ്. എല്ലാ ചിഹ്നങ്ങള്‍ക്കും ഒരുപോലെ ആവശ്യക്കാരുണ്ട്. വനിതാ സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള പ്രത്യേക സാരികളുമുണ്ട്.
ത്രിവര്‍ണ സാരിക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി മാരായമംഗലത്ത് ഗിരീഷിന്റെ കൈത്തറിക്കട പ്രവര്‍ത്തിച്ചുവരികയാണ്.



