International
ഇന്ത്യക്ക് 740 കോടിയുടെ പ്രതിരോധ ഉപകരണങ്ങൾ വിൽക്കാൻ അനുമതി നൽകി യുഎസ്
എക്സ് കാലിബർ ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും ടാങ്ക് വേധ മിസൈൽ സംവിധാനമായ ജാവലിനും അനുബന്ധ ഉപകരണങ്ങളും വിൽക്കാൻ ആണ് അനുമതി
ന്യൂഡൽഹി/വാഷിങ്ടൺ | ഇന്ത്യക്ക് 90 ദശലക്ഷം ഡോളറിലധികം (ഏകദേശം 740 കോടി രൂപ) മൂല്യമുള്ള എക്സ് കാലിബർ ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും ടാങ്ക് വേധ മിസൈൽ സംവിധാനമായ ജാവലിനും അനുബന്ധ ഉപകരണങ്ങളും വിൽക്കാൻ യു എസ്. അനുമതി നൽകി. എക്സ് കാലിബർ ഷെല്ലുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമായി 47.1 ദശലക്ഷം ഡോളറും, ജാവലിൻ മിസൈൽ സംവിധാനത്തിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 45.7 ദശലക്ഷം ഡോളറുമാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നതെന്ന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി (ഡി എസ് സി എ) അറിയിച്ചു.
കൃത്യത ഉറപ്പാക്കുന്ന ഉപകരണങ്ങൾ നൽകുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ ശേഷി ഇത് മെച്ചപ്പെടുമെന്ന് ഡി എസ് സി എ. വ്യക്തമാക്കി. ഈ ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യൻ സായുധ സേനക്ക് എളുപ്പത്തിൽ സ്വാംശീകരിക്കാൻ കഴിയുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ഇന്ത്യ 216 എം 982 എ 1. എക്സ് കാലിബർ ടാക്ടിക്കൽ ഷെല്ലുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പോർട്ടബിൾ ഇലക്ട്രോണിക് ഫയർ കൺട്രോൾ സിസ്റ്റംസ് (പി ഇ എഫ് സി എസ്.), പ്രൈമറുകൾ, പ്രൊപ്പല്ലന്റ് ചാർജുകൾ, യു എസ് സർക്കാർ സാങ്കേതിക സഹായം, അറ്റകുറ്റപ്പണി സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും ഈ കരാറിൽ ഉൾപ്പെടുന്നു.
2019-ൽ, ഇന്ത്യൻ സൈന്യം തങ്ങളുടെ പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി ഏകദേശം 600 എക്സ് കാലിബർ ഷെല്ലുകൾ വാങ്ങിയിരുന്നു. എക്സ് കാലിബർ ഷെല്ലുകളുടെ ദൂരപരിധി ഉപയോഗിക്കുന്ന ഹോവിറ്റ്സറുകൾ അനുസരിച്ച് ഏകദേശം 40 മുതൽ 57 കിലോമീറ്റർ വരെയാണ്.






