Ongoing News
ഇമാറാത്തി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് 'വിസ ഓണ്‍ അറൈവല്‍' വ്യാപിപ്പിക്കുന്നു
സൗകര്യം കൊച്ചി, കോഴിക്കോട് അടക്കം ഒമ്പത് വിമാനത്താവളങ്ങളില്‍.
അബൂദബി | ഇന്ത്യയിലേക്ക് ഇ-വിസയോ സാധാരണ വിസയോ ലഭിച്ചിട്ടുള്ള ഇമാറാത്തി പൗരന്മാര്‍ക്ക് ഇനി മുതല്‍ കൂടുതല്‍ വിമാനത്താവളങ്ങളില്‍ ‘വിസ ഓണ്‍ അറൈവല്‍’ സൗകര്യം ലഭിക്കും. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നിങ്ങനെ ഇന്ത്യയിലെ ഒമ്പത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് സൗകര്യം. നേരത്തെ ആറ് വിമാനത്താവളങ്ങളിലായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത്.
ബിസിനസ്, ടൂറിസം, കോണ്‍ഫറന്‍സ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 60 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവരും കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവരുമായ ഇമാറാത്തി പൗരന്മാര്‍ക്കാണ് ഇത് ലഭിക്കുക. വിസയുടെ കാലാവധി നീട്ടാനോ മറ്റൊരു വിസയിലേക്ക് മാറ്റാനോ സാധ്യമല്ല.
ഇമാറാത്തി പൗരന്മാര്‍ ഇന്ത്യയിലെത്തുമ്പോള്‍ അപേക്ഷാ ഫോം (എ) പൂരിപ്പിച്ച് സമര്‍പ്പിക്കണം. ഇതിനോടൊപ്പം ഡിസെമ്പാര്‍ക്കഷന്‍ കാര്‍ഡ് indianvisaonline.gov.in/earrival അല്ലെങ്കില്‍ ‘Indian Visa Su-Swagatam’ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായി പൂരിപ്പിക്കാം. ഓരോ യാത്രക്കാരനും 2,000 ഇന്ത്യന്‍ രൂപയോ അതിന് തുല്യമായ വിദേശ കറന്‍സിയോ ഫീസായി ഈടാക്കും.
ഇമാറാത്തി പൗരനോ, അദ്ദേഹത്തിന്റെ മാതാപിതാക്കളോ മുത്തശ്ശനോ മുത്തശ്ശിയോ പാകിസ്ഥാനില്‍ ജനിച്ചവരോ സ്ഥിരതാമസക്കാരോ ആണെങ്കില്‍ ഈ സൗകര്യം ലഭ്യമല്ല. അത്തരം വ്യക്തികള്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നോ ദുബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നോ ഉചിതമായ വിസ നേടിയതിനു ശേഷം മാത്രമേ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടുള്ളൂ.





