Kerala
ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയം: എ ഡി എം. ഡോ. അരുണ്‍ എസ് നായര്‍
എല്ലാ ഭക്തര്‍ക്കും സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം.
പത്തനംതിട്ട | ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചുവെന്ന് ശബരിമല എ ഡി എം. ഡോ. അരുണ്‍ എസ് നായര്‍. മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഭക്തര്‍ക്കും സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പൂര്‍ണമായും പരിഹരിച്ചു. തീര്‍ഥാടനകാലം ഏറ്റവും മികവുറ്റതാക്കാന്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും കൂട്ടായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര വൈദ്യസഹായം, തിരക്ക് നിയന്ത്രണം, ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്പോട്ട് ബുക്കിംഗ് എണ്ണം കുറച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂവിലൂടെ തന്നെ എത്താന്‍ ശ്രമിക്കണം. തങ്ങള്‍ക്ക് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദര്‍ശനം നടത്താന്‍ എത്തിച്ചേരണം. ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും മറ്റു വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും തീര്‍ഥാടനം സുഗമവും വിജയകരവുമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് എസ് സനില്‍കുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു, വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.




