Ongoing News
ബസപകടം: മരിച്ചവരുടെ ബന്ധുക്കള്‍ മദീനയിലെത്തി
നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജന്നത്തുല്‍ ബഖീഇലായിരിക്കും മരണപ്പെട്ട തീര്‍ഥാടകരുടെ മയ്യിത്തുകള്‍ ഖബറടക്കുക.
മദീന | മദീനയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ മദീനയിലെത്തി. ബന്ധുക്കളെത്തുമ്പോള്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി ബി ഷഫിയുല്ല (ഐ എഫ് എസ്), എം എല്‍ എ. ജനാബ് മാജിദ് ഹുസൈന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
ബന്ധുക്കളുടെ താമസവും മറ്റ് സൗകര്യങ്ങളും തെലങ്കാന സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളെ ജനാസ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി മദീനയിലെത്തിക്കുമെന് തെലുങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു.
നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജന്നത്തുല്‍ ബഖീഇലായിരിക്കും മരണപ്പെട്ട തീര്‍ഥാടകരുടെ മയ്യിത്തുകള്‍ ഖബറടക്കുക. പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഡി എന്‍ എ പരിശോധനയുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഇന്ധന ടാങ്കറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 45 ഇന്ത്യക്കാരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടെ പേരുവിവരങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ഓടെ മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മുഫ്രിഹത്ത് എന്ന സ്ഥലത്തുവെച്ചാണ് അപകമുണ്ടായത്.
സഊദി അറേബ്യന്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, തെലങ്കാന സര്‍ക്കാരിന്റെ പ്രതിനിധി സംഘം, ആന്ധ്രപ്രദേശ് ഗവര്‍ണര്‍ എസ് അബ്ദുല്‍ നസീര്‍, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സി പ ിവി & ഒ ഐ എ) അരുണ്‍ കുമാര്‍ ചാറ്റര്‍ജി, സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.




