From the print
നെല്ലറയിൽ സ്നേഹത്തിന്റെ നിറപറ
മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് ജീവിതം നെയ്യുന്ന പാലക്കാടന്‍ ജനതയുടെ വര്‍ത്തമാനങ്ങള്‍ ഒരു ദിവസം മുഴുക്കെ ചര്‍ച്ച ചെയ്താണ് യാത്ര ടിപ്പുവിന്റെ വീരഭൂമിയില്‍ പടയോട്ടം നടത്തിയത്.
കേരളയാത്രക്ക് ഒറ്റപ്പാലം ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസംഗിക്കുന്നു | ഫോട്ടോ: അജ്മൽ ഫവാസ്
പാലക്കാട് | മണ്ണ് മണക്കുന്ന മനുഷ്യന്റെ വേവലാതികള്‍ പറഞ്ഞ് കേരളയാത്ര. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയമുയര്‍ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന ചരിത്രയാത്ര പാലക്കാടന്‍ ഭൂമികയില്‍ ഇതിഹാസം രചിച്ചു. മലപ്പുറത്തെ മഹാസ്വീകരണം ഏറ്റുവാങ്ങിയ ശേഷം കുന്തിപ്പുഴ കടന്നെത്തിയ പ്രാസ്ഥാനിക നായകരെ നെല്ലറയുടെ നാട് സ്നേഹം കൊണ്ട് പൊതിഞ്ഞു. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വിളയൂരില്‍ നൂറുകണക്കിനാളുകളാണ് ജനനായകരെ വരവേല്‍ക്കാനെത്തിയത്.
വൈകിട്ട് ഒറ്റപ്പാലം ടൗണിലെ സ്വീകരണ സമ്മേളനം പാലക്കാടിന് ചരിത്ര വിസ്മയമായി. ഈസ്റ്റ് ഒറ്റപ്പാലം ചുനങ്ങാട് ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും റോഡിന്റെ ഇരുവശങ്ങളിലും അഭിവാദ്യമര്‍പ്പിച്ച് ജനം തിങ്ങിക്കൂടി. സ്വീകരണ പോയിന്റിലേക്ക് റാലി എത്തിയതോടെ പ്രദേശമാകെ ജനനിബിഡമായി.
മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് ജീവിതം നെയ്യുന്ന പാലക്കാടന്‍ ജനതയുടെ വര്‍ത്തമാനങ്ങള്‍ ഒരു ദിവസം മുഴുക്കെ ചര്‍ച്ച ചെയ്താണ് യാത്ര ടിപ്പുവിന്റെ വീരഭൂമിയില്‍ പടയോട്ടം നടത്തിയത്. നെല്ലിന്റെ താങ്ങുവിലയും നെല്‍പ്പാടങ്ങളുടെ സംരക്ഷണവുമടക്കമുള്ള വിഷയങ്ങള്‍ കാന്തപുരം ഉസ്താദ് അടക്കമുള്ളവര്‍ യാത്രയിലുടനീളം ഉന്നയിച്ചു.
ഒറ്റപ്പാലം ഇ കെ ഹസന്‍ മുസ്‌ലിയാര്‍ നഗരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അധ്യക്ഷത വഹിച്ചു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഉപനായകരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, വി കെ ശ്രീകണ്ഠന്‍ എം പി, എം എല്‍ എമാരായ അഡ്വ. കെ പ്രേംകുമാര്‍, പി മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രമേയ പ്രഭാഷണം നടത്തി.
ഇന്ന് തൃശൂരില്‍
യാത്ര ഇന്ന് മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയായ തൃശൂരിലേക്കാണ്. രാവിലെ ചെറുതുരുത്തിയിലെ വരവേല്‍പ്പിന് ശേഷം വൈകിട്ട് അഞ്ചിന് ചാവക്കാട്ട് സ്വീകരണ സമ്മേളനം ഒരുക്കും.




