International
ട്രംപ് 'അഹങ്കാരി'; യു എസ് പ്രസിഡന്റിന്റെ കൈകളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നു; ആഞ്ഞടിച്ച് ഖാംനഇ
ട്രംപ് അദ്ദേഹത്തിന്റെ രാജ്യത്തെ കാര്യം നോക്കട്ടെയെന്ന് പറഞ്ഞ ഖാംനഇ ഇറാനില്‍ പ്രതിഷേധം അഴിച്ചുവിടുന്നവര്‍ക്കെതിരെയും ആഞ്ഞടിച്ചു.
ടെഹ്‌റാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘അഹങ്കാരി’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന കടുത്ത ആരോപണവും ജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേ ഖാംനഇ നടത്തി.
ഇറാനിലെ ഭരണ വീഴ്ചയുടെ കാരണം ഖാംനഇ മാത്രമാണെന്നും ഇറാന്‍ നേതാവ് പ്രതിന്ധികളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇറാനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സഹചര്യത്തിലായിരുന്നു പ്രതികരണം. ഇതിനോടാണ് ഖാംനഇ കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയത്. ട്രംപ് അദ്ദേഹത്തിന്റെ രാജ്യത്തെ കാര്യം നോക്കട്ടെയെന്ന് പറഞ്ഞ ഖാംനഇ ഇറാനില്‍ പ്രതിഷേധം അഴിച്ചുവിടുന്നവര്‍ക്കെതിരെയും ആഞ്ഞടിച്ചു. ട്രംപിനെ സന്തോഷിപ്പിക്കാനായി പ്രതിഷേധക്കാര്‍ സ്വന്തം തെരുവുകള്‍ നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് ഖാംനഇ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഡിസംബര്‍ 28 ന് തലസ്ഥാനമായ ടെഹ്റാനി ആരംഭിച്ച പ്രതിഷേധം 31 പ്രവിശ്യകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അന്താരാഷ്ട്ര ഫോണ്‍ സൗകര്യം വിച്ഛേദിക്കുകയും ചെയ്തു.




