Connect with us

Kerala

കായിക പരിശീലകര്‍ക്കായി അന്താരാഷ്ട്ര സിമ്പോസിയം; തിരുവനന്തപുരം വേദിയാവും

2026 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെയാണ് പരിപാടി. കായിക താരങ്ങളുടെ കരുത്തും ശാരീരികക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ രീതികള്‍ പരിശീലകര്‍ക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

Published

|

Last Updated

തിരുവനന്തപുരം | സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് അന്താരാഷ്ട്ര കായിക സിമ്പോസിയം സംഘടിപ്പിക്കുന്നു. കായിക പരിശീലന രംഗത്തെ അത്യാധുനിക ശാസ്ത്രീയ രീതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ‘സ്‌പോര്‍ട്‌സ് സ്‌പെസിഫിക് സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് – 2026’ എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തുന്നത്. 2026 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെയാണ് പരിപാടി. കായിക താരങ്ങളുടെ കരുത്തും ശാരീരികക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ രീതികള്‍ പരിശീലകര്‍ക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഫെബ്രുവരി 26-ന് വ്യാഴാഴ്ച രാവിലെ 11:30-ന് ചാക്കയിലുള്ള ‘ഒ’ ബൈ താമര ഹോട്ടലിലാണ് ഉദ്ഘാടനം നടക്കുക. സായ് ഡയറക്ടര്‍ ജനറല്‍ ഹരി രഞ്ജന്‍ റാവു, എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പല്‍ ഡോ. പ്രദീപ് ദത്ത, ഇന്ത്യന്‍ നാഷണല്‍ അത്ലറ്റിക് ടീം ചീഫ് കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ പി രാധാകൃഷ്ണന്‍ നായര്‍ എന്നിവരുള്‍പ്പെടെ കായിക രംഗത്തെ പ്രമുഖര്‍ സിമ്പോസിയത്തിന് സാങ്കേതികവും ഭരണപരവുമായ നേതൃത്വം നല്‍കും.

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിദഗ്ധരും ദേശീയ തലത്തിലെ പ്രമുഖ പരിശീലകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഓട്ടം (സ്പ്രിന്റ്‌സ്), ചാട്ടം (ജമ്പ്‌സ്) എന്നീ ഇനങ്ങളില്‍ പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.