Connect with us

Ongoing News

സഊദിയില്‍ ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സഊദി അറേബ്യയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും 'നുസുക്' ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം.

Published

|

Last Updated

ദമാം | ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സഊദി അറേബ്യയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ആഭ്യന്തര രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

മുമ്പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്ത വ്യക്തികള്‍ക്കായിരിക്കും മുന്‍ഗണന. ‘നുസുക്’ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.nusuk.sa) വഴിയോ റമസാന്‍ ആറ് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും. മാര്‍ച്ച് മൂന്ന് മുതലാണ് ഹജ്ജ് പാക്കേജുകള്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാകുക. ബുക്കിങ് ശവ്വാല്‍ മാസാവസാനം വരെ നീണ്ടുനില്‍ക്കും.

അപേക്ഷകര്‍ കുറഞ്ഞത് 15 വയസ്സ് തികഞ്ഞവരായിരിക്കണം. എല്ലാ ആരോഗ്യ നിബന്ധനകളും പാലിച്ചിരിക്കണം. സഊദിയില്‍ കഴിയുന്ന വിദേശികളായ താമസക്കാര്‍ക്ക്, സാധുവായ ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്) ഉള്ളവരായിരിക്കണം. ഒരു വര്‍ഷം മുമ്പ് റെസിഡന്‍സി നല്‍കിയവര്‍ക്കായിരിക്കും മുന്‍ഗണന.

നുസുക് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലൈസന്‍സുള്ള കമ്പനികള്‍ വഴി മാത്രമായി കരാര്‍ നടത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജ് പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷകര്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അവരുടെ വിവരങ്ങള്‍ നല്‍കി യോഗ്യത ഉറപ്പ് വരുത്തണം. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈലില്‍ പാക്കേജ് ഫീ അടക്കാനുള്ള അറിയിപ്പ് ലഭിക്കും. ഡിജിറ്റല്‍ പേയ്‌മെന്റ് ചാനലായ സദാദ് (SADAD) സിസ്റ്റം വഴി പേയ്‌മെന്റ് പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് വിസ ഇഷ്യൂ ചെയ്യും. അപേക്ഷാ പ്രക്രിയകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായതിനാല്‍ തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

സിറാജ് പ്രതിനിധി, ദമാം

Latest