Kerala
ജി എസ് ടി, ഇ ഡി, ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റില്‍
അടൂര്‍ എറത്ത് മണക്കാല ബെന്‍ ഏഥനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ശ്രീഹരി വീട്ടില്‍ ആര്‍ എ ഇമ്മാനുവല്‍ (42), തിരുവനന്തപുരം കവടിയാര്‍ ഡേവിസ് കോട്ടേജില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട | ജി എസ് ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കേരളത്തില്‍ വന്‍ തട്ടിപ്പ് നടത്തിവന്ന സംഘം പത്തനംതിട്ടയില്‍ അറസ്റ്റില്‍. കോഴഞ്ചേരി മാലക്കര ബിജോ ഭവനില്‍ നിന്നും അടൂര്‍ എറത്ത് മണക്കാല ബെന്‍ ഏഥനില്‍ താമസിക്കുന്ന ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കല്‍ പേപ്പര്‍ മില്‍ റോഡില്‍ ആര്‍ക്ക് ഓഫ് ഫേവര്‍ വീട്ടില്‍ നിന്നും ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ആര്‍ എ ഇമ്മാനുവല്‍ (42), തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ നിന്നും കവടിയാര്‍ ഡേവിസ് കോട്ടേജില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്.
ജി എസ് ടി വകുപ്പില്‍ നിന്നും റെയ്ഡിന് വിധേയമായതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയാണ് സംഘം തട്ടിപ്പ് നടത്തിവന്നത്. വിവര ശേഖരണം നടത്തിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജി എസ് ടിയിലെ ഇന്റലിജന്‍സ് സ്‌ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താന്‍ എന്നും ജി എസ് ടി, ഇ ഡി, ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കുമെന്നും പറഞ്ഞ് ബിജോ മാത്യു അവരുടെ വിശ്വാസം നേടും. പിന്നീട് ജി എസ് ടി ഇന്റലിജന്‍സിന്റെ ചാര്‍ജുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ആര്‍ എ ഇമ്മാനുവലിനെയും ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബിനെയും അവതരിപ്പിക്കും. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കും. ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയില്‍ എത്തിയ ബിജോ മാത്യു ജി എസ് ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമക്ക് സംശയം തോന്നി ജി എസ് ടി വകുപ്പിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറെ വിവരമറിയിക്കുകയയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്.
ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് സംഘം ആളുകളുടെ വിശ്വാസമാര്‍ജിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിലെ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷവും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷവും മറ്റൊരു ബേക്കറി-ക്വാറി ഉടമയില്‍ നിന്നും അഞ്ചു ലക്ഷവും ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും ഏഴു ലക്ഷവും കാഞ്ഞങ്ങാടുള്ള കമ്പനിയില്‍ നിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ബിജോ മാത്യുവിനെതിരെ 2018ല്‍ ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചതിന് ആറന്മുള പോലീസ് സ്റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് അടൂര്‍ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ ജി അനീഷ്, എസ് ഐ കെ ആര്‍ അരുണ്‍കുമാര്‍, എ എസ് ഐ. എന്‍ സന്തോഷ്, സീനിയര്‍ സി പി ഒ. റോബി ഐസക് ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.





