Connect with us

Kerala

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതി; നടന്‍ മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കുമെന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം.

Published

|

Last Updated

കൊച്ചി|പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ സിനിമാ നടന്‍ മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കുമെന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം. എന്നാല്‍, വായ്പ തിരിച്ചടച്ച് പണയം എടുത്തു മാറ്റാന്‍ എത്തിയപ്പോള്‍ സ്ഥാപനം ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതി. മോഹന്‍ലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് തങ്ങള്‍ വായ്പ എടുത്തതെന്നും അതിനാല്‍ സേവനത്തിലെ പിഴവിന് താരത്തിന് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു പരാതിക്കാരുടെ ആക്ഷേപം.

എന്നാല്‍, പരാതിക്കാരും മോഹന്‍ലാലും നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞു. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്തം കമ്പനിയ്ക്കാണ്. ഇക്കാര്യത്തില്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നേരത്തെ മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 

 

Latest