Gulf
ഇറാനെതിരായ സൈനിക നീക്കം: മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി പടരുന്നു: ഗൾഫ് രാജ്യങ്ങളിൽ സ്ഫോടനങ്ങൾ
യു എ ഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിലാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്. അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ
ന്യൂഡൽഹി | ഇറാനെതിരെ ഇസ്റാഈലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. യു എ ഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിലാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ഇതോടെ മേഖലയിൽ പുതിയൊരു യുദ്ധമുഖം തുറക്കപ്പെട്ടിരിക്കുകയാണ്. അബുദാബിയിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക താമസക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ദോഹയിലും റിയാദിലും സ്ഫോടനങ്ങൾ നടന്നതായി എ എഫ് പി റിപ്പോർട്ട് ചെയ്തു. ഈ നഗരങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന് നിലവിൽ വ്യക്തമല്ല.
അബുദാബിയിൽ യു എ ഇ വ്യോമസേനയും യു എസ് വ്യോമസേനയും സംയുക്തമായി ഉപയോഗിക്കുന്ന അൽ ദഫ്ര എയർ ബേസ് സ്ഥിതി ചെയ്യുന്നുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി യു എ ഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ദോഹയിലെ അൽ ഉദൈദ് എയർ ബേസ് യു എസ് സെൻട്രൽ കമാൻഡിന്റെ പ്രധാന ആസ്ഥാനമാണ്. സൗദി അറേബ്യയിലെ റിയാദിന് തെക്ക് ഭാഗത്തുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിൽ നിലവിൽ രണ്ടായിരത്തിലധികം അമേരിക്കൻ സൈനികരുണ്ട്. പേട്രിയറ്റ് മിസൈൽ ബാറ്ററികൾ ഉൾപ്പെടെയുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഇവിടെ സജ്ജമാണ്.
ബഹ്റൈനിലെ മനാമയിലുള്ള യു എസ് നേവിയുടെ അഞ്ചാം കപ്പൽ പടയുടെ (ഫീഫ്ത് ഫ്ലീറ്റ്) ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ബഹ്റൈൻ നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഗൾഫ് മേഖല, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ അമേരിക്കൻ നാവിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണിത്. കുവൈത്തിന് നേരെ വന്ന മിസൈലുകളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈത്തും വ്യക്തമാക്കി. ജോർദാനിലും അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപം ആക്രമണം നടത്തിക്കൊണ്ടാണ് ഇസ്റാഈലും അമേരിക്കയും സംയുക്ത നീക്കം ആരംഭിച്ചത്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇറാനിൽ വലിയ രീതിയിലുള്ള സൈനിക നടപടികൾ ആരംഭിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇസ്റാഈലിന് നേരെ ഇറാൻ മിസൈൽ വർഷം നടത്തിയതായും ഇസ്റാഈൽ സൈന്യം അറിയിച്ചു.
Summary
Following joint US-Israel military strikes on Iran under “Operation Epic Fury,” massive explosions were reported across major Gulf cities including Abu Dhabi, Dubai, Doha, and Riyadh. Strategic US military bases in the region, including the 5th Fleet headquarters in Bahrain, have come under threat or direct attack. In response to the strikes on Tehran, Iran has retaliated with missile launches toward Israel, leading to widespread airspace closures and heightened military alerts across the Middle East.



