Connect with us

International

ടെഹ്റാനിൽ അമേരിക്കൻ-ഇസ്റാഈൽ സംയുക്ത ആക്രമണം; തിരിച്ചടിച്ച് ഇറാൻ; ഗൾഫ് രാജ്യങ്ങളിലും സ്ഫോടന ശബ്ദം

ബഹ്റൈനില്‍ സ്‌ഫോടനശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ടെഹ്റാൻ | മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇറാനെതിരെ ഇസ്റാഈലും അമേരിക്കയും സംയുക്ത സൈനിക നീക്കം നടത്തി. ശനിയാഴ്ച പുലർച്ചെ തെഹ്റാൻ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്നാണ് പെന്റഗൺ വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ ഇസ്റാഈലിന് നേരെ ഇറാൻ വൻതോതിൽ മിസൈലുകൾ വർഷിച്ചു. ഇതോടെ മേഖലയിൽ നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതകൾ മങ്ങുകയും സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയും ചെയ്തു.

ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപമാണ് അമേരിക്കൻ-ഇസ്റാഈൽ സഖ്യം ആക്രമണം നടത്തിയത്. എന്നാൽ ആക്രമണ സമയത്ത് 86 കാരനായ ഖാംനഈ തെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. തെഹ്റാനിൽ മൂന്ന് മുതൽ നാല് വരെ സ്ഫോടനങ്ങൾ നടന്നതായും കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നതായും ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തെ തുടർന്ന് ഇറാനിൽ ഇന്റർനെറ്റ് ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ തടയാൻ ഇസ്റാഈൽ വ്യോമ പ്രതിരോധ സംവിധാനം സജ്ജമാണെന്ന് ഐ ഡി എഫ് അറിയിച്ചു. രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. തെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്കും അഭയം തേടേണ്ടി വന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനും ഇസ്റാഈലും തങ്ങളുടെ വ്യോമപാതകൾ അടച്ചു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ഇറാനിലെ ആക്രമണം ശത്രുഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് പറഞ്ഞു. ഇതിനിടെ, ഇറാനിൽ ‘മേജർ കോംബാറ്റ് ഓപ്പറേഷൻസ്’ ആരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഭീകരതയുടെ പ്രധാന സ്പോൺസറാണ് ഇറാനെന്നും അമേരിക്കൻ ജനതയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും ഈ സാഹചര്യം ഭരണമാറ്റത്തിനായി ഉപയോഗിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൻ തൃപ്തനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇയുടെ തലസ്ഥാനമായ അബുദാബി, കുവൈത്ത്, ഖത്തറിലെ ദോഹ എന്നിവിടങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ബഹ്റൈനിലെ യു എസ് നേവിയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയും മിസൈൽ ആക്രമണം നടന്നതായി സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളും ഇതിനകം വ്യോമപാതകൾ അടച്ചിട്ടുണ്ട്. അതേസമയം, ഇസ്റാഈലിലെ ആശുപത്രികൾ അടിയന്തര പ്രോട്ടോക്കോൾ പ്രഖ്യാപിക്കുകയും ശസ്ത്രക്രിയകൾ ഉൾപ്പെടെ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ഇസ്റാഈലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. പ്രാദേശിക ഭരണകൂടത്തിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറും (+972-54-7520711) ഇമെയിൽ വിലാസവും (cons1.telaviv@mea.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Summary

Israel and the United States launched a coordinated military strike, dubbed “Operation Epic Fury,” against Tehran, targeting areas near the Supreme Leader’s office. In retaliation, Iran fired a barrage of missiles towards Israel, leading to widespread sirens and airspace closures across the Middle East. US President Donald Trump announced major combat operations, citing Iran’s nuclear program and support for terror as primary reasons. India has issued a safety advisory for its citizens in Israel as the region braces for further escalation.

Latest