Uae
സാമൂഹിക സുരക്ഷാ പദ്ധതിക്ക് 40.4 കോടി അനുവദിച്ച് ഷാർജ ഭരണാധികാരി
ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും
ഷാർജ|ഷാർജയിലെ സാമൂഹിക സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള 4,237 കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 40.4 കോടി ദിർഹം അനുവദിച്ചു. ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന മാസസഹായം 17,500 ദിർഹമായി ഉയർത്താൻ അദ്ദേഹം നിർദേശിച്ചു. ഇതിനുപുറമെ 560 പേരുടെ തൊഴിൽ അപേക്ഷകൾ പരിഗണിക്കാനും 672 വാടക കേസുകൾക്ക് പരിഹാരം കാണാനും അദ്ദേഹം ഉത്തരവിട്ടു.
മുതിർന്ന പൗരന്മാർ, വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, കുറഞ്ഞ വരുമാനക്കാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർക്കാണ് ഈ സഹായം ലഭിക്കുക. ഇതിൽ 3,126 മുതിർന്ന പൗരന്മാരും 134 വിധവകളും 877 വിവാഹബന്ധം വേർപ്പെടുത്തിയവരും ഉൾപ്പെടുന്നു. ഷാർജ നഗരത്തിൽ നിന്നാണ് പദ്ധതിയുടെ വിതരണം ആരംഭിക്കുക. തുടർന്ന് ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസ്ൻ, അൽ ദൈദ്, അൽ മദാം, മലീഹ, അൽ ബതേഹ്, അൽ ഹംരിയ എന്നീ മേഖലകളിലേക്കും വ്യാപിപ്പിക്കും. ഷാർജ നഗരത്തിൽ മാത്രം 2,415 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഷാർജയിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി അൽ ഖാലിദിയയിൽ ഫിഷർമെൻ അസോസിയേഷന് പുതിയ ആസ്ഥാനം നിർമിക്കുന്നതിനുള്ള സ്ഥലത്തിനും ശൈഖ് സുൽത്താൻ അംഗീകാരം നൽകി. മത്സ്യത്തൊഴിലാളികൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ഈ മേഖലയുടെ സുസ്ഥിരമായ വികസനത്തിനും പുതിയ ആസ്ഥാനം സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.



