Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

Published

|

Last Updated

തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായി അന്വേഷണം നടത്താന്‍ എസ്ഐടി. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

നേരത്തേ, തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്ഐടി കണ്ടെത്തിയിരുന്നു. ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്‌പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയതും പോറ്റി നടത്തിയ ഇടപെടലുകളും തന്ത്രിയ്ക്ക് അറിയാമായിരുന്നു. ഇതിനെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് തന്ത്രിയ്ക്ക് അറിയാമായിരുന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ അദ്ദേഹം എതിര്‍ത്തില്ലെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ 13ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്.

 

 

 

Latest