Kerala
സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം
സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പോലീസ് കേസെടുത്തു.
കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് സ്‌കൂള്‍ ബസ് കടന്ന് പോയ ഉടനെ പൊട്ടിത്തെറിയുണ്ടായത്. ബസിന്റെ ടയര്‍ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ച ശേഷമാണ് ഡ്രൈവര്‍ സംഭവം പോലീസില്‍ അറിയിച്ചത്. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ സ്‌ഫോടക വസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്നും കണ്ടെത്തുകയായിരുന്നു.



