From the print
മനുഷ്യര്‍ക്കൊപ്പം മുദ്രാവാക്യത്തെ സര്‍ക്കാര്‍ പിന്തുണക്കുന്നു: മന്ത്രി രാജേഷ്
കേരളത്തില്‍ മതനിരപേക്ഷത നിലനിര്‍ത്തുന്നതില്‍ സുന്നി പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യം മനോഹരമാണ്. വര്‍ഗീയതക്കും വിഭാഗീയതക്കുമെതിരെ എന്ന അര്‍ഥം കൂടി അതിനുണ്ട്.
കേരളയാത്രക്ക് ഒറ്റപ്പാലത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം െചയ്യാനെത്തിയ മന്ത്രി എം ബി രാജേഷ് യാത്രാ നായകൻ കാന്തപുരം ഉസ്താദുമായി സൗഹൃദ സംഭാഷണത്തിൽ
പാലക്കാട് | കേരളത്തില്‍ മതനിരപേക്ഷത നിലനിര്‍ത്തുന്നതില്‍ സുന്നി പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. കേരളയാത്രക്ക് ഒറ്റപ്പാലത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യം മനോഹരമാണ്. വര്‍ഗീയതക്കും വിഭാഗീയതക്കുമെതിരെ എന്ന അര്‍ഥം കൂടി അതിനുണ്ട്. ഈ മുദ്രാവാക്യത്തെ സര്‍ക്കാര്‍ പിന്തുണക്കുകയാണ്. രാജ്യം കഴിഞ്ഞ പത്ത് വര്‍ഷം കലാപ കലുഷിതമായിരുന്നു. എന്നാല്‍, നമ്മുടെ സംസ്ഥാനത്ത് ഒരു വര്‍ഗീയ കലാപം പോലുമുണ്ടായില്ല. ഇത് സര്‍ക്കാറിന്റെ ഇത്തരം മുദ്രാവാക്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തുന്നത് ന്യൂനപക്ഷങ്ങളുടെ ഭവനങ്ങളാണ്. ആയിരക്കണക്കിന് വീടുകളാണ് ഇത്തരത്തില്‍ പൊളിച്ചുനീക്കിയത്. കേരളത്തില്‍ ഇത്തരം ബുള്‍ഡോസറുകള്‍ ന്യൂനപക്ഷത്തിന് നേരെ ഉരുളില്ലെന്ന് ഉറപ്പുതരാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.




