Editors Pick
നെതന്യാഹുവിന് എന്തുപറ്റി? മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടോ? ആ വീഡിയോ എ ഐ നിർമിതമോ?
നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയിൽ ചില ഭാഗങ്ങളിൽ നെതന്യാഹു കൈ ഉയർത്തുമ്പോൾ ആറ് വിരലുകൾ ഉള്ളതായി കാണാം. ഇതിന്റെ സ്ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ട്. സാധാരണയായി എ ഐ വീഡിയോകളിൽ കൈവിരലുകളുടെ കാര്യത്തിൽ ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ഒറിജിനൽ അല്ല എന്ന് സോഷ്യൽ മീഡിയിൽ വാദം ഉയരുന്നത്.
ടെൽ അവീവ് | ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എന്തുപറ്റി? അദ്ദേഹം ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടോ? കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെതായി വന്ന വീഡിയോ എ ഐ നിർമിതമാണോ? സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറേ മണിക്കൂറുകളായി സജീവ ചർച്ചാവിഷയമാണ് ഇക്കാര്യങ്ങൾ. യുഎസ് – ഇസ്റാഈൽ സഖ്യം നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങൾക്ക് ഇറാൻ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഇറാൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം മിസൈൽ ആക്രമണം നടത്തിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ നെതന്യാഹു പൊതു വേദിയിൽ വരാതിരുന്നതും പ്രസ്താവനകൾ നടത്താതിരുന്നതും പുതിയ ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പടർന്നുപിടിച്ചു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നെതന്യാഹുവിന്റെ ഒരു വീഡിയോ സന്ദേശം പുറത്തുവന്നത്. യുദ്ധത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോയിൽ അദ്ദേഹത്തിന്റെ കൈവിരലുകളെ കേന്ദ്രീകരിച്ച് ഉയർന്ന സംശയങ്ങൾ ഇതൊരു എ ഐ നിർമിത വീഡിയോ ആണോ എന്ന തോന്നലുണ്ടാക്കി. വീഡിയോയിൽ ചില ഭാഗങ്ങളിൽ നെതന്യാഹു കൈ ഉയർത്തുമ്പോൾ ആറ് വിരലുകൾ ഉള്ളതായി കാണാം. ഇതിന്റെ സ്ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ട്. സാധാരണയായി എ ഐ വീഡിയോകളിൽ കൈവിരലുകളുടെ കാര്യത്തിൽ ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ഒറിജിനൽ അല്ല എന്ന് സോഷ്യൽ മീഡിയിൽ വാദം ഉയരുന്നത്. വീഡിയോ നെതന്യാഹുവിന്റെ എ ഐ പതിപ്പാണെന്നും അദ്ദേഹം കൊല്ലപ്പെട്ടത് മറച്ചുവെക്കാൻ ഇസ്റാഈൽ സർക്കാർ കൃത്രിമമായി നിർമ്മിച്ചതാണെന്നും നെറ്റിസൺൻസ് ഉറച്ചുവിശ്വസിക്കുന്നു.
എന്നാൽ ഈ കാര്യങ്ങളെല്ലാം ഇസ്റാഈലുമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇസ്റാഈൽ അനുകൂല മാധ്യമങ്ങളും തള്ളിക്കളയുകയാണ്. കൈകൾ ചലിപ്പിക്കുന്നതിനിടയിലുണ്ടായ ‘മോഷൻ ബ്ലർ’ (Motion Blur), ക്യാമറ ആംഗിൾ എന്നിവ മൂലമുണ്ടായ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണിതെന്നും ഒരു നിശ്ചിത സെക്കൻഡിൽ തോന്നിയ കാഴ്ച മാത്രമായിരുന്നു അതെന്നുമാണ് ഇസ്റാഈൽ അനുകൂല പക്ഷം വിശദീകരിക്കുന്നത്. വീഡിയോയുടെ മറ്റ് ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ കൈകൾ സാധാരണ നിലയിലാണെന്നത് ഇത് വ്യക്തമാക്കുന്നുവെന്നും ന്യായീകരണമുണ്ട്. അദ്ദേഹത്തിന് സാധാരണ പോലെ അഞ്ച് വിരലുകൾ മാത്രമാണുള്ളതെന്നും വീഡിയോ യഥാർത്ഥമാണെന്നും സ്നോപ്സ് (Snopes), ടൈംസ് ഓഫ് ഇസ്റാഈൽ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടയിൽ, നെതന്യാഹുവിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ മരണവാർത്ത വന്നുവെന്നും പിന്നീട് അത് ഡിലീറ്റ് ചെയ്തുവെന്നുമുള്ള സ്ക്രീൻഷോട്ടുകളും പുറത്തുവന്നിരുന്നു. ഇതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇസ്റാഈൽ മാധ്യമങ്ങളും പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളുമെല്ലാം ഇത് വ്യാജമാണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നെതന്യാഹുവിനെയോ കുടുംബത്തെയോ ഇറാൻ നേരിട്ട് ലക്ഷ്യം വെച്ചുവെന്ന വാർത്തകളും ഇസ്റാഈൽ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. യുദ്ധ സാഹചര്യത്തിൽ ഇറാൻ അനുകൂല പ്രൊഫൈലുകളിലൂടെ മനഃപൂർവം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഇപ്പോഴും ഇസ്റാഈലിൽ തന്നെ സുരക്ഷിതനായി സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ എല്ലാ നീക്കങ്ങളും തത്സമയം പുറത്തുവിടാറില്ലെന്നും ഇസ്റാഈൽ അവകാശപ്പെടുന്നു.
അപ്പോഴും ചില സംശയങ്ങൾ ബാക്കി നിൽക്കുക തന്നെയാണ്. നെതന്യാഹു യുദ്ധത്തിന് ഇപ്പോഴും സജീവമായി നേതൃത്വം നൽകുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാത്തതും പ്രസ്താവനകൾ ഇറക്കാത്തതും എന്ന് നെറ്റസൺസ് ചോദിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാഴികക്ക് നാൽപ്പത് വട്ടം യുദ്ധത്തെക്കുറിച്ച് സംസാരിക്കുമ്പോഴും നെതന്യാഹു മിണ്ടാതിരിക്കുന്നത് എങ്ങനെ എന്നതാണ് ചോദ്യം.
എന്തായാലും നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദത്തിന് നിലവിൽ മതിയായ തെളിവുകൾ ഇല്ല. ഇറാൻ ഭരണകൂടമോ സേനയോ ഇക്കാര്യം അവകാശപ്പെടുന്നും ഇല്ല. ആ നിലക്ക് നെതന്യാഹു കൊല്ലപ്പെട്ടു എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നേ ഈ കാര്യത്തിൽ വിശദീകരിക്കാനാവൂ.
Summary
Israeli Prime Minister Benjamin Netanyahu is alive and actively leading the government, contrary to social media rumors claiming his death. Allegations that a recent video of him was AI-generated due to a “six-finger” glitch have been debunked as a camera angle illusion. Official sources and recent public appearances confirm that he is safe and managing the ongoing military operations.




