Kerala
നോളജ് സിറ്റിയിൽ പരിസ്ഥിതി നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു
മർകസ് നോളജ് സിറ്റി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് "ഇന്റഗ്രേറ്റഡ് എൻവയോൺമെന്റൽ മോണിറ്ററിംഗ് ഫെസിലിറ്റി' നോളജ് സിറ്റിയിൽ സ്ഥാപിച്ചത്
നോളജ് സിറ്റി | ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളിയായി മാറുന്ന കാലഘട്ടത്തിൽ ശാസ്ത്രീയമായ പരിസ്ഥിതി പഠനത്തിനും അവബോധത്തിനും സംവിധാനമൊരുക്കി മർകസ് നോളജ് സിറ്റി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് “ഇന്റഗ്രേറ്റഡ് എൻവയോൺമെന്റൽ മോണിറ്ററിംഗ് ഫെസിലിറ്റി’ നോളജ് സിറ്റിയിൽ സ്ഥാപിച്ചത്.
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം, കാലാവസ്ഥാ മാറ്റങ്ങൾ, മണ്ണിന്റെ സ്ഥിതി എന്നിവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോകത്തെവിടെയിരുന്നും ഓൺലൈനായി വിവരങ്ങൾ വിശകലനം ചെയ്യാൻ നോളജ് സിറ്റി മാനേജ്മെന്റിനും ഗവേഷകർക്കും സാധിക്കും. കൊടക് സ്വദേശിയായ അഫ്രോസ് ഖാനാണ് നൂതന സംവിധാനം മർകസ് നോളജ് സിറ്റിക്ക് സംഭാവന ചെയ്തത്. വായുവിലെ കാർബൺ മോണോക്‌സൈഡ്, ഓസോൺ, നൈട്രജൻ ഡയോക്‌സൈഡ്, അമോണിയ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം ഈ സംവിധാനത്തിലൂടെ തുടർച്ചയായി നിരീക്ഷിക്കും.
ഇതോടൊപ്പം സ്ഥാപിച്ച അത്യാധുനിക വെതർ സ്റ്റേഷൻ വഴി താപനില, അന്തരീക്ഷ മർദം, കാറ്റിന്റെ വേഗം, മഴയുടെ അളവ് എന്നിവ കൃത്യമായി കണക്കാക്കാൻ സാധിക്കും. കാർഷിക മേഖലക്ക് ഏറെ ഗുണകരമാകുന്ന രീതിയിൽ മണ്ണിന്റെ പി എച്ച് മൂല്യം, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ അളവ്, മണ്ണിന്റെ ഈർപ്പം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.
വിദ്യാർഥികൾക്കും ഗവേഷകർക്കും പാരിസ്ഥിതിക പഠനങ്ങളിൽ വലിയ മുതൽക്കൂട്ടാകുന്ന ഈ പദ്ധതി, നോളജ് സിറ്റിയുടെ “ഗ്രീൻ സിറ്റി’ എന്ന കാഴ്ചപ്പാടിന് കൂടുതൽ കരുത്തുപകരുന്നതാണെന്ന് അധികൃതർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ “സസ്റ്റൈനബിലിറ്റി ആൻഡ് സ്മാർട്ട് സിറ്റി’ അവാർഡും യുനെസ്‌കോയുടെ കീഴിലുള്ള ഐ സി സി എൻ നൽകുന്ന “സസ്റ്റൈനബിലിറ്റി എക്സലൻസ്’ അവാർഡും മർകസ് നോളജ് സിറ്റി നേടിയിട്ടുണ്ട്.
ഉത്തരവാദിത്വ വികസനവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയുള്ള മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ യാഥാർഥ്യമായത്. പ്രകൃതിയെ കൃത്യമായി നിരീക്ഷിക്കുമ്പോൾ മാത്രമാണ് അതിനെ എങ്ങനെ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കണമെന്ന് പഠിക്കുന്നതെന്ന് മുൻ സി ഇ ഒ ഡോ. അബ്ദുൽ സലാം മുഹമ്മദ് പറഞ്ഞു.




