Connect with us

Uae

യു എ ഇയില്‍ 3,670 കോടി ദിര്‍ഹമിന്റെ ദേശീയ നിക്ഷേപ നിധിക്ക് മന്ത്രിസഭാ അംഗീകാരം; വിദേശ നിക്ഷേപം വര്‍ധിപ്പിക്കുക ലക്ഷ്യം

2031 ആകുമ്പോഴേക്കും വിദേശ നിക്ഷേപ പ്രവാഹം പ്രതിവര്‍ഷം 11,500 കോടി ദിര്‍ഹമില്‍ നിന്ന് 24,000 കോടി ദിര്‍ഹമായും നിക്ഷേപങ്ങളുടെ സഞ്ചിത ബാലന്‍സ് നിലവിലെ 80,000 കോടി ദിര്‍ഹമില്‍ നിന്ന് 2.2 ലക്ഷം കോടി ദിര്‍ഹമായും ഉയര്‍ത്തുക ലക്ഷ്യം.

Published

|

Last Updated

ദുബൈ | നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 3,670 കോടി ദിര്‍ഹമിന്റെ പ്രാരംഭ മൂലധനത്തോടെ ദേശീയ നിക്ഷേപ നിധി സ്ഥാപിക്കുന്നതിന് യു എ ഇ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ദുബൈ എയര്‍ ഷോ വേദിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.

2031 ആകുമ്പോഴേക്കും രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ പ്രവാഹം പ്രതിവര്‍ഷം 11,500 കോടി ദിര്‍ഹമില്‍ നിന്ന് 24,000 കോടി ദിര്‍ഹമായി ഉയര്‍ത്താനും നിക്ഷേപങ്ങളുടെ സഞ്ചിത ബാലന്‍സ് നിലവിലെ 80,000 കോടി ദിര്‍ഹമില്‍ നിന്ന് 2.2 ലക്ഷം കോടി ദിര്‍ഹമായി ഉയര്‍ത്താനും ഈ നിധി ലക്ഷ്യമിടുന്നു.

‘യു എ ഇ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച അന്തരീക്ഷം നല്‍കുന്നു. നിങ്ങളുടെ വളര്‍ച്ചക്കും ഭാവി വിജയത്തിനും പിന്തുണ നല്‍കുന്നത് തുടരും.’- ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദേശം നല്‍കി.

ദേശീയ വ്യാവസായിക തന്ത്രം നടപ്പാക്കുന്നതിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് മന്ത്രിസഭ അവലോകനം ചെയ്തു. വ്യാവസായിക മേഖലക്കുള്ള ദേശീയ ചെലവ് 11,000 കോടി ദിര്‍ഹം കവിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 244 ശതമാനം വര്‍ധനയാണിത്. വ്യാവസായിക കയറ്റുമതി 19,700 കോടി ദിര്‍ഹത്തില്‍ എത്തി. വ്യാവസായിക മേഖല ഇന്ന് യു എ ഇയുടെ ജി ഡി പിയിലേക്ക് 21,000 കോടി ദിര്‍ഹമിന്റെ സംഭാവന നല്‍കുന്നുണ്ട്. 2031 ആകുമ്പോഴേക്കും 30,000 കോടി ദിര്‍ഹമാണ് ഈ മേഖലയിലെ ലക്ഷ്യം.

യു എ ഇ ദേശീയ ഐഡന്റിറ്റി തന്ത്രവും അംഗീകരിച്ചു. പുതിയ തലമുറകളില്‍ ദേശീയ ഐഡന്റിറ്റി ഏകീകരിക്കുന്നതിനും അതില്‍ ഉള്‍പ്പെടുന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കുടുംബബന്ധങ്ങളും യു എ ഇ സമൂഹത്തില്‍ സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള 70 സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സംയുക്ത ഗള്‍ഫ് സാമ്പത്തിക നടപടികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും യോഗം അവലോകനം ചെയ്തു.