From the print
പ്രചാരണത്തില്‍ ആരോഗ്യം ശ്രദ്ധിക്കണം
സ്ഥാനാര്‍ഥികള്‍ രാപകലില്ലാതെ വോട്ടിനായുള്ള ഓട്ടമാണ്. കൈയും മെയ്യും മറന്നുള്ള ഓട്ടത്തിനിടയില്‍ ആരോഗ്യ കാര്യങ്ങള്‍ മറക്കരുതെന്ന് ആരോഗ്യവിദഗ്ധനും ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ബി പദ്മകുമാര്‍.
ആലപ്പുഴ | സ്ഥാനാര്‍ഥികള്‍ രാപകലില്ലാതെ വോട്ടിനായുള്ള ഓട്ടമാണ്. കൈയും മെയ്യും മറന്നുള്ള ഓട്ടത്തിനിടയില്‍ ആരോഗ്യ കാര്യങ്ങള്‍ മറക്കരുതെന്ന് ആരോഗ്യവിദഗ്ധനും ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ബി പദ്മകുമാര്‍. ആരോഗ്യത്തോടെ മത്സരിച്ച് ജയം ഉറപ്പാക്കാന്‍ ഭക്ഷണത്തിലും ദിനചര്യയിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. നേരം വെളുക്കുമ്പോള്‍ തന്നെ ചിരിയും ഫിറ്റ് ചെയ്ത് ഇറങ്ങേണ്ടതല്ലേ. വയറുനിറച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ മറക്കരുത്. വൈകിട്ട് വരെ പിടിച്ചുനില്‍ക്കാന്‍ സമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് ഉപകരിക്കും. ഒപ്പം എന്തെങ്കിലും പഴങ്ങളും കഴിക്കണം.
2. രാവിലെ പതിവായി കഴിക്കാറുള്ള പ്രഷറിന്റെയും ഷുഗറിന്റെയും ഉള്‍പ്പെടെയുള്ള മരുന്നുകള്‍ മറക്കരുത്. വൈകിട്ടേക്ക് മാറ്റിവെക്കുകയും വേണ്ട.
3. സ്ഥാനാര്‍ഥിക്കുപ്പായം ഇടുമ്പോള്‍ തന്നെ ഷുഗറും പ്രഷറും മറ്റ് അടിസ്ഥാന പരിശോധനകളും നടത്തണം. മരുന്നുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നടത്തണം.
4. ഇടനേരങ്ങളില്‍ വറപൊരിയും ചെറുകടികളും വേണ്ട. പഴങ്ങളോ ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളോ ആകാം.
5. പത്ത് ഗ്ലാസ്സ് വെള്ളമെങ്കിലും പലനേരമായി കുടിക്കണം. ശുദ്ധജലം മതി. കോളയും സോഫ്റ്റ് ഡ്രിങ്ക്‌സും വേണ്ട.
6. ഉച്ചഭക്ഷണം രണ്ടിന് മുന്പായി കഴിക്കണം. ചോറ് കുറച്ചു മതി. 10 മിനുട്ടൊന്ന് മയങ്ങാന്‍ പറ്റിയാല്‍ ഉഷാറായി വണ്ടി ഓടും.
7. അത്താഴം ഹെവി ആകരുത്. ലഘു ഭക്ഷണം മതി. രാത്രിയിലും എന്തെങ്കിലും പഴങ്ങള്‍ കഴിക്കാം.
8. കിട്ടാനുള്ള വോട്ടും എണ്ണിയിരുന്ന് രാത്രിയില്‍ ഉറക്കമിളക്കരുത്. ആറ് മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം.
9. പനി, ജലദോഷം ഉള്ളവരുമായി അടുത്ത് ഇടപഴകരുത്. ആശുപത്രി സന്ദര്‍ശനങ്ങളും ഒഴിവാക്കിയാല്‍ നന്ന്.
10. സ്മാര്‍ട്ടാണെന്ന് കാണിക്കാന്‍ വേലിയും വരമ്പും കൈത്തോടുമൊന്നും ചാടിക്കടക്കാന്‍ നോക്കേണ്ട. കാലൊന്ന് ഉളുക്കിയാല്‍ തീര്‍ന്നില്ലേ കാര്യം. മുറിവുകള്‍ ഉണ്ടാകാതെയും ശ്രദ്ധിക്കണം.




