Connect with us

From the print

തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികളെ വലച്ച് സ്ഥാനമോഹികളുടെ കൂടുമാറ്റം

മാറ്റം പ്രധാനമായും ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വരുമ്പോള്‍.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം വ്യക്തമായില്ലെങ്കിലും കൂറുമാറ്റവും കൂടുമാറ്റവും പൊടിപൊടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികള്‍ക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമി ഫൈനല്‍ പോരാട്ടമാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിന് അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിയ മിക്ക പാര്‍ട്ടികളെയും കൂറുമാറ്റവും കൂടുമാറ്റവും വിമത ശല്യവും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമതരും റിബലുകളും മാത്രമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി മാറ്റവും മുന്നണി മാറ്റവും ട്രെന്‍ഡായിരിക്കുകയാണ്. നേരത്തേ മാറ്റത്തിനായി തിരഞ്ഞെടുക്കാന്‍ മടിച്ചിരുന്ന ബി ജെ പിയിലേക്ക് മുസ്ലിം ലീഗില്‍ നിന്ന് പോലും സ്ഥാനാര്‍ഥി മോഹികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

പ്രധാനമായും ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വരുമ്പോഴാണ് തൊട്ടടുത്ത വഴിയായി പലരും പാര്‍ട്ടി മാറ്റം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ നേതൃത്വത്തില്‍ നിന്നുണ്ടാകുന്ന അവഗണനയും ഏകാധിപത്യവും വിശ്വാസവഞ്ചനയുമടക്കം പല കാരണങ്ങളാണ് പാര്‍ട്ടി മാറുന്നവര്‍ പ്രധാന കാരണമായി ഉന്നയിച്ചുവരുന്നത്. ഇത്തവണയും സംസ്ഥാനത്ത് കൂറുമാറ്റം ശക്തമാണ്. സി പി എം, കോണ്‍ഗ്രസ്സ്, സി പി ഐ, ബി ജെ പി, മുസ്ലിം ലീഗ് തുടങ്ങി പ്രധാന പാര്‍ട്ടികളില്‍ നിന്നെല്ലാം നിരവധി പേര്‍ മറ്റു പാര്‍ട്ടികളിലേക്ക് മാറിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന ഏറ്റവും പ്രധാനപ്പെട്ട ചുവടുമാറ്റം പത്തനംതിട്ടയിലാണ്. ജില്ലാ പഞ്ചായത്തംഗമായിരുന്ന സി പി ഐ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഇതേ ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബി ജെ പിയില്‍ ചേര്‍ന്നതും പ്രധാന ചുവടുമാറ്റമാണ്.

പത്ത് വര്‍ഷം തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ്സിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന അഖില്‍ ഓമനക്കുട്ടന്‍ എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുതെന്ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് ബി ജെ പിയില്‍ അംഗത്വമെടുത്തത്. പന്തളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി ഹരിയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച ഭാര്യയും ഇത്തവണ ബി ജെ പിയില്‍ അംഗത്വമെടുത്തു. യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ്ശ്യാം തട്ടയില്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ എത്തിയതിന് പിന്നാലെയാണ് ഹരിയും ഭാര്യയും ബി ജെ പിയിലെത്തിയത്. പത്തനംതിട്ടയിലെ കുറ്റൂരില്‍ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ്എം ജി പ്രസന്ന ബി ജെ പി വിട്ട് കോണ്‍ഗ്രസ്സിലേക്കാണ് പോയത്. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ മുന്‍ ഓഫീസ് സെക്രട്ടറിയും സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ തോമസ് പി ചാക്കോ പാര്‍ട്ടി വിട്ട് ആര്‍ എസ് പി സ്ഥാനാര്‍ഥിയായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഇതോടൊപ്പം കോഴിക്കോട്, തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളിലാണ് മറ്റ് പ്രധാനപ്പെട്ട നീക്കങ്ങള്‍ കണ്ടത്. കോഴിക്കോട് കോര്‍പറേഷനിലെ നടക്കാവില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ ആം ആദ്മി പാര്‍ട്ടിയിലാണ് അംഗത്വമെടുത്തത്. കൊച്ചി കോര്‍പറേഷനിലെ യു ഡി എഫ് കൗണ്‍സിലര്‍ സുനിതാ

ഡിക്സണും തൃശൂര്‍ കോര്‍പറേഷനിലെ എല്‍ ഡി എഫ് കൗണ്‍സിലര്‍ ഷീബാ ബാബുവും ബി ജെ പിയിലേക്കാണ് ചേക്കേറിയത്. കോണ്‍ഗ്രസ്സ് വിട്ട് ആര്‍ എസ് പിയിലെത്തിയ ശേഷമാണ് സുനിത ബി ജെ പിയിലേക്ക് പോയതെങ്കില്‍ ജെ ഡി എസ് സീറ്റ് നിഷേധിച്ചതോടെയാണ് ഷീബാ ബാബു ബി ജെ പിയിലെത്തിയത്. കണ്ണൂരിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഉമര്‍ ഫാറൂഖും ബി ജെ പിയിലേക്ക് മാറി. മുസ്ലിം ലീഗ് പാനൂര്‍ മുനിസിപല്‍ കമ്മിറ്റി അംഗമായിരുന്നു ഉമര്‍ ഫാറൂഖ്. ഇതിനിടെ തിരുവനന്തപുരം ഉള്ളൂര്‍ വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് എന്‍ ശ്രീകണ്ഠന്‍ രംഗത്തെത്തിയിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം