Connect with us

Articles

ഭയമാണ് ആയുധം

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ 'ഡിജിറ്റല്‍ അറസ്റ്റ്' എന്നതിന് യാതൊരു നിയമപരമായ സാധുതയുമില്ല. എന്നിട്ടും പോലീസ്, സി ബി ഐ, ആദായ നികുതി വിഭാഗം, കസ്റ്റംസ് വിഭാഗം, റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, ഡാറ്റാ സെന്റര്‍ തുടങ്ങിയവയുടെ പേരില്‍ സൈബര്‍ കുറ്റവാളികള്‍ ആളുകളെ വിളിക്കുന്നു. വ്യാജ ആധാര്‍ കാര്‍ഡുകള്‍, ബേങ്ക് സ്റ്റേറ്റ്മെന്റുകള്‍, കെട്ടിച്ചമച്ച എഫ് ഐ ആറുകള്‍, അറസ്റ്റ് വാറണ്ടുകള്‍ എന്നിവ കാട്ടിയാണ് അവര്‍ വിശ്വാസ്യതയുണ്ടാക്കുന്നത്.

Published

|

Last Updated

ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും മനുഷ്യജീവിതത്തെ കൂടുതല്‍ സൗകര്യപ്രദമാക്കിയെങ്കിലും അതിന്റെ മറവില്‍ വളര്‍ന്നു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അത്തരത്തില്‍ ഏറ്റവും ഭീഷണിയുയര്‍ത്തുന്ന പ്രവണതയാണ് ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ നടക്കുന്ന സൈബര്‍ തട്ടിപ്പ്.

നിയമപാലകരായും അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരായും ചിലപ്പോള്‍ ജഡ്ജിമാരെന്ന നിലയിലുമാണ് സൈബര്‍ കുറ്റവാളികള്‍ ഇരകളെ സമീപിക്കുന്നത്. ഓഡിയോ- വീഡിയോ കോളുകളിലൂടെ ‘നിങ്ങളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’, ‘അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു’, ‘ഇപ്പോള്‍ തന്നെ സഹകരിച്ചില്ലെങ്കില്‍ ജയിലിലാകും’ എന്നിങ്ങനെ ഭീഷണിപ്പെടുത്തിയാണ് ഇവരുടെ നീക്കം.

‘മറ്റൊരാള്‍ നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് ഫോണ്‍ കണക്്ഷന്‍ എടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്’ എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ചേര്‍ത്ത് ഭയം ഇരട്ടിപ്പിക്കുന്നതും പതിവാണ്. ചിന്തിക്കാനോ അന്വേഷിക്കാനോ അവസരം നല്‍കാതെ സന്ദിഗ്ധാവസ്ഥ സൃഷ്ടിക്കുകയെന്നതാണ് ഈ തട്ടിപ്പിന്റെ അടിസ്ഥാന തന്ത്രം.

ഡിജിറ്റല്‍ അറസ്റ്റ്?
ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്നതിന് യാതൊരു നിയമപരമായ സാധുതയുമില്ല. എന്നിട്ടും പോലീസ്, സി ബി ഐ, ആദായ നികുതി വിഭാഗം, കസ്റ്റംസ് വിഭാഗം, റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, ഡാറ്റാ സെന്റര്‍ തുടങ്ങിയവയുടെ പേരില്‍ സൈബര്‍ കുറ്റവാളികള്‍ ആളുകളെ വിളിക്കുന്നു.

വ്യാജ ആധാര്‍ കാര്‍ഡുകള്‍, ബേങ്ക് സ്റ്റേറ്റ്മെന്റുകള്‍, കെട്ടിച്ചമച്ച എഫ് ഐ ആറുകള്‍, അറസ്റ്റ് വാറണ്ടുകള്‍ എന്നിവ കാട്ടിയാണ് അവര്‍ വിശ്വാസ്യത ഉണ്ടാക്കുന്നത്. തുടര്‍ന്ന് വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വീഡിയോ കോളിലേക്ക് മാറാന്‍ നിര്‍ബന്ധിക്കും. പോലീസ് സ്റ്റേഷന്‍ പോലുള്ള പശ്ചാത്തലങ്ങള്‍ ഒരുക്കി, ‘ജാമ്യം’, ‘പിഴ’, ‘പരിശോധനക്കുള്ള സുരക്ഷാ നിക്ഷേപം’ എന്നീ പേരുകളില്‍ പണം ആവശ്യപ്പെടും.

പ്രവര്‍ത്തനരീതി
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുടെ പ്രവര്‍ത്തനരീതി പൊതുവേ ഒരേ മാതൃകയിലാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ നിയമപരമായ ഉദ്യോഗസ്ഥനാണെന്ന വ്യാജ അവകാശവാദം. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, കസ്റ്റംസ് ലംഘനം, ഭീകരബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍.

വീഡിയോ കോളിലൂടെ ‘ഇപ്പോള്‍ തന്നെ അറസ്റ്റ്’ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്നു. പിന്നീട് യു പി ഐ അല്ലെങ്കില്‍ ബേങ്ക് ട്രാന്‍സ്ഫര്‍ വഴി പണം കൈമാറാന്‍ നിര്‍ബന്ധിക്കുന്നു. കുടുംബത്തോടോ സുഹൃത്തുക്കളോടോ സംസാരിക്കരുതെന്ന് നിര്‍ദേശിക്കുകയും അങ്ങനെ ചെയ്താല്‍ ശിക്ഷ കടുത്തതാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

ഭയം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ആയുധം. ഒരിക്കല്‍ ഭയത്തിന്റെ പിടിയിലായാല്‍, യുക്തിപരമായ പരിശോധനകള്‍ പലരും ഉപേക്ഷിക്കുന്നു. രക്ഷപ്പെടണമെന്ന ആശങ്കയില്‍ തട്ടിപ്പുകാര്‍ നിര്‍ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയാണ് പലരും ചെയ്യുന്നത്.

മുന്നറിയിപ്പാകേണ്ട അനുഭവങ്ങള്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഭവങ്ങള്‍ ഈ തട്ടിപ്പിന്റെ ഗൗരവം വ്യക്തമാക്കുന്നു. മുംബൈയില്‍ ആദായ നികുതി കുടിശ്ശിക’ എന്ന പേരില്‍ ഒരു പ്രൊഫഷനലില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവവും ചെന്നൈയില്‍ ഒരിക്കലും ഓര്‍ഡര്‍ ചെയ്യാത്ത അന്താരാഷ്ട്ര പാര്‍സലിന്റെ പേരില്‍ വലിയ തുക കൈക്കലാക്കിയ സംഭവവും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്.

ബെംഗളൂരുവില്‍ ഒരു ഐ ടി ജീവനക്കാരിയില്‍ നിന്ന് 30 കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവം രാജ്യത്തെ ഞെട്ടിച്ചതാണ്. മാസങ്ങളോളം നീണ്ട ഭീഷണിയുടെയും വ്യാജ ‘ആര്‍ ബി ഐ നടപടികളുടെയും’ ഫലമായിരുന്നു ആ നഷ്ടം. ഇതുപോലെ തന്നെ, ‘ഡാറ്റ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നുള്ള വിളി’ എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി, വ്യാജ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച്, അറസ്റ്റ് ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുന്ന സംഭവങ്ങളും വ്യാപകമാണ്. ഇത്തരത്തില്‍ അനേകം ആളുകളാണ് ഭയത്തിന്റെ പിടിയില്‍ വീണ് കബളിപ്പിക്കപ്പെടുന്നത്.

ജാഗ്രത
സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏകോപിതമായി കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളും സിം കാര്‍ഡുകളും ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ട്.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്ക് പ്രത്യേക കണക്കെടുപ്പ് ഇപ്പോഴുമില്ല. സൈബര്‍ സുരക്ഷാ ബോധവത്കരണത്തില്‍ CERT- In സജീവമാണ്.

കമ്പ്യൂട്ടര്‍, മൊബൈല്‍, നെറ്റ്്വര്‍ക്ക്, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയില്‍ അനുമതിയില്ലാതെ പ്രവേശിച്ച് വിവരങ്ങള്‍ മോഷ്ടിക്കുകയോ, മാറ്റം വരുത്തുകയോ, നശിപ്പിക്കുകയോ ചെയ്യുന്ന സൈബര്‍ കുറ്റകൃത്യമായ ഹാക്കിംഗ്, ഇന്റര്‍നെറ്റിലൂടെ ആളുകളെ വഞ്ചിച്ച് അവരുടെ ബേങ്ക് വിവരങ്ങള്‍, പാസ് വേഡുകള്‍,ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ പോലുള്ള രഹസ്യ വിവരങ്ങള്‍ കൈക്കലാക്കുന്ന സൈബര്‍ തട്ടിപ്പായ ഫിഷിംഗ് (Phishing) തുടങ്ങിയ സൈബര്‍ ഭീഷണികളെ പ്രതിരോധിക്കുക, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം നടത്തുകയും ചെയ്യുക, ആവശ്യമായ മുന്നറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക എന്നീ സേവനങ്ങള്‍ നടത്തുന്ന, ഇന്ത്യയിലെ സൈബര്‍ സുരക്ഷാ സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ഏജന്‍സിയായ C CERT-In (Indian Computer Emergency Response Team)സജീവമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഭരണകൂടം പൊതുജനങ്ങള്‍ക്ക് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുമുണ്ട്.

എങ്ങനെ സ്വയം സംരക്ഷിക്കാം?
ഫോണ്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയായി പണം ആവശ്യപ്പെട്ടാല്‍ അത് വ്യാജമാണെന്ന് ഉറപ്പിക്കുക. ആധാര്‍, പാന്‍, ബേങ്ക് വിവരങ്ങള്‍, ഒ ടി പി എന്നിവ ഒരിക്കലും പങ്കിടരുത്. വിളിക്കുന്നയാളുടെ പേര്, വകുപ്പ്, ഔദ്യോഗിക നമ്പര്‍ എന്നിവ ചോദിച്ച് സ്വതന്ത്രമായി സ്ഥിരീകരിക്കുക.

ഭീഷണി മുഴക്കിയാല്‍ കോള്‍ അവസാനിപ്പിക്കുക; പരിഭ്രാന്തരാകരുത്. സംശയാസ്പദ സംഭവങ്ങള്‍ 1930 എന്ന സൈബര്‍ ഹെല്‍പ്്‌ലൈനിലേക്കോ cybercrime.gov.in വഴിയോ ഉടന്‍ റിപോര്‍ട്ട് ചെയ്യുക. നിയമത്തിന്റെ പേരില്‍ നടക്കുന്ന ഒരു മനഃശാസ്ത്ര വഞ്ചനയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. ഭയം, അധികാരം, അടിയന്തരത ഈ മൂന്ന് ഘടകങ്ങളെയാണ് കുറ്റവാളികള്‍ സൂക്ഷ്മമായി ദുരുപയോഗം ചെയ്യുന്നത്.

ഓര്‍ക്കുക: യഥാര്‍ഥ സര്‍ക്കാര്‍ ഏജന്‍സികള്‍ ഫോണ്‍ അല്ലെങ്കില്‍ വീഡിയോ കോളിലൂടെ പണമോ സ്വകാര്യ വിവരങ്ങളോ ഒരിക്കലും ആവശ്യപ്പെടില്ല. സംശയം തോന്നിയാല്‍ പരിശോധിക്കുക. ഭയം തോന്നിയാല്‍ നിര്‍ത്തുക. ജാഗ്രത പാലിച്ചാല്‍ മാത്രമേ ഈ ഡിജിറ്റല്‍ കാലഘട്ടത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളെ തോല്‍പ്പിക്കാനാകൂ.