International
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ വസതിക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
പ്രതി വീടിനുള്ളില്‍ കടന്നുകയറാന്‍ ശ്രമിച്ചോ എന്നും വാന്‍സിനെയോ കുടുംബത്തെയോ ലക്ഷ്യം വെച്ചാണോ ആക്രമണം നടത്തിയതെന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്.
വാഷിങ്ടണ്‍ | അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ ഒഹായോയിലെ സിന്‍സിനാറ്റിയിലുള്ള വസതിക്കുനേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. സിന്‍സിനാറ്റിയിലെ വസതിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടതായാണ് വിവരം.
ആക്രമണം നടക്കുമ്പോള്‍ ജെഡി വാന്‍സോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. അതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അവധി ആഘോഷങ്ങള്‍ക്കായി സിന്‍സിനാറ്റിയിലെത്തിയ വാന്‍സ് ഇന്നലെ വൈകുന്നേരത്തോടെ വാഷിംഗ്ടണിലേക്ക് മടങ്ങിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സര്‍വീസും പ്രാദേശിക പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി വീടിനുള്ളില്‍ കടന്നുകയറാന്‍ ശ്രമിച്ചോ എന്നും വാന്‍സിനെയോ കുടുംബത്തെയോ ലക്ഷ്യം വെച്ചാണോ ആക്രമണം നടത്തിയതെന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്.
സംഭവത്തില്‍ ജെഡി വാന്‍സോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള വിശദമായ പ്രസ്താവന സീക്രട്ട് സര്‍വീസ് ഉടന്‍ പുറത്തിറക്കിയേക്കും.

