Kerala
അന്തരിച്ച മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഖബറടക്കം ഇന്ന്
എറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.
കൊച്ചി| മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്. രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിലാണ് ഖബറടക്കം നടക്കുക. കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററിലെ പൊതുദര്‍ശനത്തിനുശേഷം ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിലും അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
എറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മന്ത്രിയായിട്ടുള്ള പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു്. 2012 കേരള രത്ന പുരസ്‌കാരവും, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013 കേളീ കേരള പുരസ്‌കാരവും നേടിയിട്ടുണ്ട്.
കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പര്‍, ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു.
എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ വി യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിന് ജനിച്ചു. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവര്‍ത്തനത്തിലും വ്യാപൃതനായി.2001 ല്‍ 12,183 വോട്ടിന്റെ ഭൂരിപക്ഷത്തിലും, 2006 ല്‍ 15,523 വോട്ടിന്റെ ഭൂരിപക്ഷത്തിലും മട്ടാഞ്ചേരിയില്‍ നിന്നും 2011 ല്‍ 7789 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2016ല്‍ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിലും കളമശ്ശേരിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയുമാണ്. 2005 ജനുവരി മുതല്‍ 2006 മെയ് വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടര്‍ന്നാണ് 2005-ല്‍ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്.



