Articles
കേരളത്തെ പിന്നെയും പിന്നില്‍ നിന്ന് കുത്തുന്നു
കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തൊട്ട് പാര്‍ലിമെന്റ് വരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്.
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറക്കുന്നതാണ് കേന്ദ്ര നിലപാട്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന്മാസക്കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഓരോ വര്‍ഷവും ആകെയെടുക്കാവുന്ന വായ്പാ തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ആദ്യത്തെ ഒമ്പത് മാസം എടുക്കാവുന്ന തുക സംബന്ധിച്ച തീരുമാനം ഏപ്രിലില്‍ തന്നെ സംസ്ഥാനത്തെ അറിയിക്കുന്നതുമാണ് രീതി. അവസാനത്തെ മൂന്ന് മാസത്തേക്ക് എടുക്കാവുന്ന തുകയെ കുറിച്ച് പിന്നീട് അറിയിപ്പ് വരും. ഇതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. തനത് വരുമാനങ്ങള്‍ക്കു പുറമെ ഈ വായ്പയും കൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. ഇത് ശമ്പളം, പെന്‍ഷന്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറിനല്‍കല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസ്സപ്പെടുത്താനാണെന്ന് വ്യക്തമാണ്. ഈ വര്‍ഷം മാത്രം സംസ്ഥാന സര്‍ക്കാറിന് അനുവദനീയമായ കടത്തില്‍ നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണെന്നതില്‍ കേന്ദ്ര സര്‍ക്കാറിനും എതിരഭിപ്രായമൊന്നുമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസര്‍വ് ബേങ്കിന്റെയും സി എ ജിയുടെയും റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും ഇരട്ടിയായതായി ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ കുറേ കാലത്തിനിടയില്‍ കടത്തിന്റെ വര്‍ധന നിരക്ക് കുറഞ്ഞുനില്‍ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശ്വാസംമുട്ടിക്കുന്നു
കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. എന്നാല്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനം വരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്. എന്നാല്‍, കേരളത്തിന് ലഭിക്കുന്ന തുച്ഛമായ വിഹിതത്തില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ഈ സംസ്ഥാനത്തോടുള്ള സമീപനമാണ്.
ഇതിനൊപ്പം ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറക്കപ്പെടുകയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പല കാര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു എന്നതിനാലാണ് അര്‍ഹതപ്പെട്ട പദ്ധതി വിഹിതം നിഷേധിക്കുന്നത്. നല്ല സ്‌കൂളും ആശുപത്രിയും റോഡുകളുമൊക്കെ ഉണ്ടാക്കിയതിനാല്‍, അതിന്റെ പേരില്‍ സംസ്ഥാനത്തെ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി എം ശ്രീ, എന്‍ എച്ച് എം, സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിംഗിന്റെയും മറ്റും പേരുപറഞ്ഞ് നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നു.
ഇതിനു പുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനവും വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതി ബി ജെ പി സര്‍ക്കാര്‍ തകര്‍ത്തുകഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യത കൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.
തളര്‍ത്താന്‍ പറ്റുന്നില്ല
കേന്ദ്ര വിഹിതങ്ങളില്‍ ഇത്രയേറെ കുറവുണ്ടായിട്ടും കേരളത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വ്യവസായങ്ങള്‍ ഉറപ്പാക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ പണം ചെലവഴിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ കാര്യമായി വര്‍ധിപ്പിക്കുക, വനിതകള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി, യുവജനതക്കായുള്ള കണക്ട് ടു വര്‍ക്ക് പദ്ധതി ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം, ഡി എ/ ഡി ആര്‍ കുടിശ്ശിക അനുവദിക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഈ ജനപക്ഷ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാറിന്റെ നിലപാടാണ് വായ്പാനുമതി വെട്ടിക്കുറക്കലില്‍ പ്രകടമായത്. ഒരു വശത്തുകൂടി നുണപ്രചാരണം നടത്തുക, മറുഭാഗത്ത് സാമ്പത്തികമായി ഞെരുക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
അര്‍ഹമായത് കിട്ടിയേ തീരൂ
കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തൊട്ട് പാര്‍ലിമെന്റ് വരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങള്‍ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പലതവണ കേന്ദ്ര ഭരണാധികാരികളെ കണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ മാസം 24ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചതുമാണ്. ദേശീയ പാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്‍കിയ 6,000 കോടി രൂപക്ക് പകരം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ഐ ജി എസ് ടി റിക്കവറി എന്ന പേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്‍ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അവകാശങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. ആവശ്യങ്ങളില്‍ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹരജി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ഈ വിഷയങ്ങള്‍ ഗൗരവമായി തന്നെ കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്. സ്ത്രീ സുരക്ഷാ പദ്ധതിയും കണക്ട് ടു വര്‍ക്ക് പരിപാടിയും ക്ഷേമ പെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍ വിതരണവുമൊക്കെ തടസ്സപ്പെടുത്തലിന്റെ ഭാഗമായാണ് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം നിഷേധിക്കുന്നത്. ഇത് കേരളത്തെ പിന്നില്‍ നിന്ന് കുത്തുന്ന അനുഭവമാണ്. ഈ നാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ കേന്ദ്ര നയത്തിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാ പാര്‍ട്ടികളും അണിചേരുകയാണ് വേണ്ടത്. കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.





