International
യുഎസ് - ഇസ്റാഈൽ അതിക്രമത്തെ അപലപിച്ച് ലോകം: സംയമനം പാലിക്കാൻ ആഹ്വാനം
ഇറാൻ-ഇസ്റാഈൽ യുദ്ധം അന്താരാഷ്ട്ര സമാധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
ലണ്ടൻ/പാരീസ് | ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന സൈനിക നീക്കവും അതിനെത്തുടർന്നുള്ള ഇറാന്റെ തിരിച്ചടിയും മിഡിൽ ഈസ്റ്റിനെ കടുത്ത യുദ്ധത്തിലേക്ക് തള്ളിയിട്ടതോടെ ആശങ്ക രേഖപ്പെടുത്തി ലോകരാഷ്ട്രങ്ങൾ. രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഈ സാഹചര്യം വലിയ ഭീഷണിയാണെന്ന് ലോകനേതാക്കൾ മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങളും അമേരിക്കൻ നീക്കത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഫ്രാൻസ്: ‘അപകടകരമായ സാഹചര്യം ഒഴിവാക്കണം’
ഇറാൻ-ഇസ്റാഈൽ യുദ്ധം അന്താരാഷ്ട്ര സമാധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. നിലവിലെ സംഘർഷം എല്ലാവർക്കും അപകടകരമാണ്. ഇത് ഉടൻ അവസാനിപ്പിക്കണം. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ പൗരന്മാരുടെയും ആസ്തികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഫ്രാൻസ് സ്വീകരിക്കുമെന്നും മാക്രോൺ വ്യക്തമാക്കി.
റഷ്യ: ‘അവിവേകപൂർണ്ണമായ നടപടി’
അമേരിക്കയുടെയും ഇസ്റാഈലിന്റെയും നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് അവിവേകപൂർണ്ണമായ നീക്കമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങളിലേക്ക് ഇരുപക്ഷവും മടങ്ങണമെന്നും മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും റഷ്യ ആവശ്യപ്പെട്ടു.
ബ്രിട്ടൻ: ‘മേഖലയിലെ സംഘർഷം ഒഴിവാക്കണം’
യുദ്ധം മിഡിൽ ഈസ്റ്റിലുടനീളം പടരുന്നതിനോട് യോജിക്കാനാവില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. സംഘർഷം കൂടുതൽ വഷളാകാതിരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടൻ സജ്ജമാണെന്നും സർക്കാർ വക്താവ് അറിയിച്ചു.
യൂറോപ്യൻ യൂണിയൻ: ‘പരമാവധി സംയമനം പാലിക്കണം’
ഇറാനിലെ കൊലയാളി ഭരണകൂടത്തിനെതിരെ യൂറോപ്യൻ യൂണിയൻ ഇതിനകം വിപുലമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇ സി പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഓർമ്മിപ്പിച്ചു. എങ്കിലും, എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാനും തയ്യാറാകണമെന്നും അവർ ആഹ്വാനം ചെയ്തു.
ഇറ്റലി: ‘പൗരാവകാശങ്ങൾ മാനിക്കപ്പെടണം’
ഇറാനിലെ സിവിലിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഓഫീസ്, ഇറാനിൽ ജനങ്ങളുടെ പൗര-രാഷ്ട്രീയ അവകാശങ്ങൾ മാനിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. പ്രാദേശിക നേതാക്കളുമായും സഖ്യകക്ഷികളുമായും കൂടിയാലോചിച്ച് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇറ്റലി അറിയിച്ചു.
ഓസ്‌ട്രേലിയ: ‘അടിച്ചമർത്തലിനെതിരെ പോരാടുന്നവർക്കൊപ്പം’
അടിച്ചമർത്തലിനെതിരെ പോരാടുന്ന ഇറാാനിലെ ധീരരായ ജനങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഓസ്‌ട്രേലിയ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Summary
World leaders have expressed deep concern over the escalating military confrontation between the US-Israel alliance and Iran, calling it a grave threat to international security. While France’s Emmanuel Macron and the UK urged an end to the escalation, Russia condemned the joint strikes as a reckless violation of international law. Leaders from the EU, Italy, and Australia emphasized the protection of civilian rights and the need for diplomatic solutions as the conflict threatens to engulf the entire Middle East region.




