Connect with us

Editors Pick

ഇറാനിലെ ആദ്യ ഘട്ട ആക്രമണം നാല് ദിവസം വരെ നീളും; 'ഓപ്പറേഷൻ എപിക് ഫ്യൂറി' ആസൂത്രണം ചെയ്തത് ഇങ്ങനെ

സാധാരണ ഗതിയിൽ രാത്രി കാലങ്ങളിൽ പ്രതീക്ഷിക്കുന്ന ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇറാനെ ഞെട്ടിക്കാൻ വേണ്ടിയാണ് പകൽ സമയം തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത്

Published

|

Last Updated

ടെഹ്റാൻ | പശ്ചിമേഷ്യയെ ആകെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ശനിയാഴ്ച പകൽ വെളിച്ചത്തിൽ നടത്തിയ ഈ മിന്നലാക്രമണത്തോടെ ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ എല്ലാ വാതിലുകളും അടഞ്ഞുകഴിഞ്ഞു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് അമേരിക്ക നാമകരണം ചെയ്ത ഈ സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടം കുറഞ്ഞത് നാല് ദിവസമെങ്കിലും നീണ്ടുനിൽക്കുമെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാസങ്ങൾ നീണ്ട തയ്യാറെടുപ്പ്

വാഷിംഗ്ടണും തെൽ അവീവും മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഈ സംയുക്ത നീക്കം നടത്തിയത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കെതിരെ കഴിഞ്ഞ ജൂണിൽ 12 ദിവസം നീണ്ട ആകാശയുദ്ധം നടന്നിരുന്നു. ഇതിന് പിന്നാലെ നടന്ന ചർച്ചകളിൽ ഇറാൻ കാണിച്ച നിലപാടുകളിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇറാൻ ആണവായുധം കൈവശം വെക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഖാംനഈയുടെ ഓഫീസിന് സമീപം സ്ഫോടനം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപമാണ് പ്രധാനമായും സ്ഫോടനങ്ങൾ നടന്നത്. ടെഹ്റാനിൽ മാത്രം നാലും അഞ്ചും വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ 86-കാരനായ ഖാംനഈ തെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായും വിവരമുണ്ട്.

സാധാരണ ഗതിയിൽ രാത്രി കാലങ്ങളിൽ പ്രതീക്ഷിക്കുന്ന ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇറാനെ ഞെട്ടിക്കാൻ വേണ്ടിയാണ് പകൽ സമയം തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്ന് ഇസ്റാഈൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു.

‘നാവികസേനയെ തുടച്ചുനീക്കും’: ട്രംപ്

ഇറാനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ മിസൈൽ വ്യവസായത്തെ തകർക്കുമെന്നും ഇറാനിയൻ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും (Annihilate) അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജെറാൾഡ് ആർ ഫോർഡ്, എബ്രഹാം ലിങ്കൺ എന്നീ രണ്ട് വമ്പൻ യുദ്ധക്കപ്പലുകളും വിമാനവാഹിനികളും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഉൾപ്പെടെ വൻ സന്നാഹമാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.

പ്രത്യാഘാതങ്ങൾ

ആക്രമണത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ പലയിടത്തും അടച്ചു. ഇസ്റാഈൽ, യു എ ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുകയാണ്. വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാകുമെന്നാണ് സൂചന.

 

Summary

The United States and Israel have initiated a massive joint military offensive against Iran, titled “Operation Epic Fury,” aimed at dismantling the regime’s nuclear and missile infrastructure. The initial phase of the daylight strikes, which surprised Tehran, is expected to last for at least four days. President Donald Trump has asserted that the operation is necessary to eliminate imminent threats and prevent Iran from acquiring nuclear weapons, while the region remains on edge as the conflict spreads to neighboring Gulf states.

Latest