Connect with us

International

ഇസ്റാഈൽ-അമേരിക്കൻ വ്യോമാക്രമണം: ഇറാനിൽ 40 സ്കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

ഇറാനിൽ ഇസ്റാഈൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ഔദ്യോഗിക മരണവിവരമാണിത്.

Published

|

Last Updated

ടെഹ്റാൻ | ഇറാനെതിരെ ഇസ്റാഈലും അമേരിക്കയും ചേർന്ന് ശനിയാഴ്ച പുലർച്ചെ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 40 സ്കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു. ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ ഗേൾസ് സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനിൽ ഇസ്റാഈൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ഔദ്യോഗിക മരണവിവരമാണിത്. ഇറാനിയൻ റവല്യൂഷണറി ഗാർഡിന്റെ (IRGC) താവളം മിനാബിൽ സ്ഥിതി ചെയ്യുന്നുണ്ട്.

തലസ്ഥാനമായ തെഹ്റാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപമാണ് ആദ്യ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ രാജ്യം മുഴുവൻ ആക്രമണം വ്യാപിച്ചു. തെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മാസങ്ങളായി മിഡിൽ ഈസ്റ്റിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് നാമകരണം ചെയ്ത ഈ ആക്രമണം ഉണ്ടായത്.

ആക്രമണത്തിന് പിന്നാലെ ഇറാൻ ജനതയോട് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. 1979 മുതൽ രാജ്യം ഭരിക്കുന്ന ഇസ്ലാമിക നേതൃത്വത്തെ പുറത്താക്കി ജനങ്ങൾ സ്വന്തം വിധി നിർണ്ണയിക്കണമെന്ന് ട്രംപ് പറഞ്ഞു.
ഇതേ നിലപാട് തന്നെയാണ് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പങ്കുവെച്ചത്. സംയുക്ത സൈനിക നീക്കം ഇറാൻ ജനതയ്ക്ക് തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഇറാന്റെ തിരിച്ചടിയും മേഖലയെ യുദ്ധക്കളമാക്കി. ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാഖും യു എ ഇയും തങ്ങളുടെ വ്യോമപാതകൾ അടച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കാൻ തങ്ങൾ മടിക്കില്ലെന്നും ശത്രുവിന്റെ സൈനികാക്രമണത്തെ ശക്തമായി നേരിടുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

 

Summary

Tragedy struck the Iranian city of Minab as 24 students at a girls’ school were killed during joint US-Israeli airstrikes aimed at revolutionary guard bases. US President Donald Trump and Israeli PM Benjamin Netanyahu have called on the Iranian people to rise against their leadership as the military operation expands nationwide. In response, Iran has launched retaliatory strikes on US military installations in Bahrain, Kuwait, and Qatar, leading to airspace closures across the Middle East.

Latest