Connect with us

International

ഇസ്റാഈൽ-ഇറാൻ സംഘർഷം: വിമാന സർവീസുകൾ തടസ്സപ്പെട്ടു; എയർ ഇന്ത്യ വിമാനം തിരിച്ചുവിട്ടു, ആകാശപാതകളിൽ മാറ്റം

ഡൽഹിയിൽ നിന്ന് ഇസ്റാഈലിലെ തെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI 139) സൗദി അറേബ്യൻ വ്യോമപാതയിൽ എത്തിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ മുംബൈയിലേക്ക് തിരിച്ചുവിട്ടു.

Published

|

Last Updated

ന്യൂഡൽഹി | ഇറാനെതിരെ ഇസ്റാഈലും അമേരിക്കയും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റിലെ വ്യോമപാതകളിൽ കടുത്ത പ്രതിസന്ധി. സംഘർഷ ബാധിത പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ഡൽഹിയിൽ നിന്ന് ഇസ്റാഈലിലെ തെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI 139) സൗദി അറേബ്യൻ വ്യോമപാതയിൽ എത്തിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ മുംബൈയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.

ചിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI 126) ഇറാഖ് വ്യോമപാതയ്ക്ക് പകരം സിറിയ വഴി ദീർഘദൂര പാത സ്വീകരിച്ചു. നിലവിൽ ഇസ്റാഈൽ, ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കിയാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. പാകിസ്താൻ മുതൽ ഇറാഖ് വരെയുള്ള പടിഞ്ഞാറൻ വ്യോമപാതകൾ സുരക്ഷിതമല്ലാത്തതിനാൽ യൂറോപ്പ്, യു കെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാകും. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതോടെ യാത്രാ സമയം വർധിക്കാനും വടക്കേ അമേരിക്കൻ സർവീസുകൾക്ക് വിയന്നയിലോ റോമിലോ ഇന്ധനം നിറയ്ക്കാൻ സ്റ്റോപ്പ് അനുവദിക്കാനും സാധ്യതയുണ്ട്.

തെൽ അവീവിൽ കുടുങ്ങിയ ജീവനക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ എയർ ഇന്ത്യ ആരംഭിച്ചു. ഇൻഡിഗോ വിമാനങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. സംഘർഷ മേഖലകളിൽ ജി പി എസ് ജാമിംഗ് (GPS Jamming) ഭീഷണി നിലനിൽക്കുന്നതിനാൽ പൈലറ്റുമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം, പാകിസ്താൻ വ്യോമപാത ഒഴിവാക്കി ചൈനയിലെ ഹോട്ടൻ (Hotan) വഴി പുതിയ പാത ഉപയോഗിക്കാൻ എയർ ഇന്ത്യ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ ക്ലിയറൻസ് ലഭിച്ചിട്ടില്ല.

 

Summary

Following the US-Israeli strikes on Iran, Air India’s Delhi-Tel Aviv flight was forced to return to Mumbai, and several other international flights have been rerouted to avoid conflict zones. The closure of airspace over Israel, Iran, and Iraq is expected to significantly increase travel time and operational costs for flights connecting India with Europe and North America. Airlines are also dealing with technical challenges like GPS jamming while working urgently to evacuate crew members from impacted regions like Tel Aviv.

Latest