Kerala
ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
കൊച്ചി| പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷയും പരിഗണിക്കുക.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കും വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.





