Iran US Israel Conflict
ഇറാനൊപ്പം ഹിസ്ബുള്ള ചേര്‍ന്നതായി റിപ്പോര്‍ട്ട്
ഞായറാഴ്ച ഹിസ്ബുള്ള ലെബനനില്‍ നിന്ന് ഇസ്‌റാഈലിലേക്ക് നിരവധി മിസൈലുകള്‍ തൊടുത്തു
ടെഹ്‌റാന്‍ | ഇറാന്റെ പരമോന്നത നേതാവ് അലി ഖംനഈയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായി ഇറാനൊപ്പം ഹിസ്ബുള്ള ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ള ഒപ്പം ചേര്‍ന്നതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
യു എസും ഇസ്‌റാഈലും ഇറാനെതിരെ സംയുക്ത ആക്രമണം തുടരുന്നതിനിടെ ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായെന്ന് ഇസ്‌റാഈല്‍ സേന പറയുന്നു. ഞായറാഴ്ച ഹിസ്ബുള്ള ലെബനനില്‍ നിന്ന് ഇസ്‌റാഈലിലേക്ക് നിരവധി മിസൈലുകള്‍ തൊടുത്തു. ഇസ്‌റാഈലിലേക്കുള്ള മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്‌റാഈലില്‍ നിന്നുള്ള ആക്രമണം കാരണം വലിയ പ്രതിസന്ധി നേരിടേണ്ടി വന്നെങ്കിലും ഹിസ്ബുള്ള ഇപ്പോഴും ഇറാനോട് ചേര്‍ന്നു നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെയ്റൂട്ട് ഉള്‍പ്പെടെ ലെബനനില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഇസ്‌റാഈലിലെ പല പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങി. ഇസ്‌റാഈലില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ ഇസ്‌റാഈലും ആക്രമണം ആരംഭിച്ചു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഹിസ്ബുള്ള ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഖംനഈയുടെ വധത്തിന് പിന്നാലെ ഇറാന്‍ പശ്ചിമേഷ്യയിലാകെ തിരിച്ചടി തുടരുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഗള്‍ഫ് മേഖലയിലും ഇറാന്‍ ആക്രമണം തുടരുകയാണ്. ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖം ആക്രമിച്ചു. പ്രദേശത്ത് വന്‍ തീപിടിത്തമുണ്ടായി. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ പടിഞ്ഞാറന്‍ ജറുസലേമില്‍ ഒമ്പതു മരണം സംഭവിച്ചു.



