Uae
ഐക്യവും ജാഗ്രതയും കൈമുതലാക്കി സുരക്ഷിത പാതയിൽ രാജ്യം
നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ ഫലം കണ്ടുതുടങ്ങിയതായാണ് ഔദ്യോഗിക വിലയിരുത്തലുകൾ.
ദുബൈ|പ്രതിസന്ധികളുടെ തീക്ഷ്ണതയിലും തളരാത്ത നിശ്ചയദാർഢ്യവുമായി യു എ ഇ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമായ സുരക്ഷാ സംവിധാനങ്ങളും ഭരണനേതൃത്വത്തിന്റെ കൃത്യമായ ഇടപെടലുകളും രാജ്യത്തിന് ആത്മവിശ്വാസം പകരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനതയ്ക്ക് അഭയമൊരുക്കുന്ന ഈ മണ്ണ്, മുൻപും പല പ്രതിസന്ധികളെയും അതിജീവിച്ച ചരിത്രമാണ് നമ്മെ ഓർമിപ്പിക്കുന്നത്.
നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ ഫലം കണ്ടുതുടങ്ങിയതായാണ് ഔദ്യോഗിക വിലയിരുത്തലുകൾ. വ്യോമ പ്രതിരോധ സേനയുടെ കരുത്തും ജനങ്ങൾ പുലർത്തുന്ന അസാമാന്യമായ സംയമനവും യു എ ഇയുടെ സുരക്ഷാ കവചത്തിന് ആക്കം കൂട്ടുന്നു. വാണിജ്യ മേഖലകളും സ്വകാര്യ സ്ഥാപനങ്ങളും തളരാതെ മുന്നോട്ട് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ തെളിവാണ്. തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും സാധാരണ ജനജീവിതം പൂർണമായി വീണ്ടെടുക്കുന്നതിനുമുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
ഈ അതിജീവന പാതയിൽ ഓരോ താമസക്കാരനും പുലർത്തുന്ന ജാഗ്രതയും ഔദ്യോഗിക നിർദേശങ്ങളോടുള്ള സഹകരണവുമാണ് രാജ്യത്തിന്റെ യഥാർഥ കരുത്ത്. കറുത്ത മേഘങ്ങൾ മാറി യു എ ഇ വീണ്ടും പ്രകാശപൂർണമായ സാധാരണ ദിനങ്ങളിലേക്ക് ഉടൻ മടങ്ങിവരുമെന്ന പ്രത്യാശയിലാണ് പ്രവാസി സമൂഹവും.



